ധൻഖറിന് യാത്രയയപ്പ് നൽകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി
കേന്ദ്രസർക്കാർ സമ്മര്‍ദത്തെ തുടർന്ന് ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവച്ച ജഗ്‌ദീപ് ധൻഖറിന് യാത്രയയപ്പ് നൽകില്ലെന്ന നിലപാടിൽ ഉറച്ച് കേന്ദ്രസർക്കാർ. രാജി സ്വീകരിച്ചതിനാല്‍ യാത്രയയപ്പ് പ്രായോഗികമല്ലെന്നാണ് വിശദീകരണം. എന്നാൽ, ഈ ന്യായം വിലപോകില്ലെന്ന് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
2007 ജൂലൈ 21 ന് ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ഭൈറോൺ സിങ് ശെഖാവത്തിന് യാത്രയയപ്പ് നൽകിയിരുന്നു. രാജി ഔദ്യോഗികമായി സ്വീകരിച്ചതിന് പിന്നാലെയാണ് യാത്രയയപ്പ് നൽകിയത്. പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്, രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന കെ റഹ്മാൻ ഖാൻ, പ്രതിപക്ഷ നേതാവായിരുന്ന ജസ്വന്ത് സിങ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഫോട്ടോകളും സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു.
ഉപരാഷ്ട്രപതിയെന്ന നിലയിൽ ധൻഖറുടെ പ്രവർത്തനങ്ങളോട് പ്രതിപക്ഷത്തിന് വിയോജിപ്പുണ്ട്. എന്നാൽ, രണ്ടാമത്തെ പരമോന്നത ഭരണഘടനാപദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു. കേന്ദ്രസർക്കാർ യാത്രയയപ്പ് നൽകിയില്ലെങ്കിൽ പ്രതിപക്ഷം മുൻകൈ എടുത്ത് യാത്രയയപ്പ് നൽകാൻ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
വരണാധികാരിയെ നിയമിച്ചു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വരണാധികാരിയെയും സഹവരണാധികാരികളെയും നിയമിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോദിയാണ് വരണാധികാരി. രാജ്യസഭാ സെക്രട്ടറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമാ ജെയിൻ, ഡയറക്ടർ വിജയ്‌കുമാർ എന്നിവരെ സഹവരണാധികാരികളായും നിയമിച്ചു.









0 comments