സുപ്രീംകോടതിക്ക്‌ പരോക്ഷ വിമർശവുമായി ജഗ്‌ദീപ്‌ ധൻഖർ

Jagdeep Dhankhar
വെബ് ഡെസ്ക്

Published on Apr 23, 2025, 03:44 AM | 1 min read


ന്യൂഡൽഹി : പാർലമെന്റാണ്‌ പരമോന്നതമെന്നും ഭരണഘടനാപ്രകാരം പാർലമെന്റിനുമുകളിൽ മറ്റൊരു അധികാരകേന്ദ്രമില്ലെന്നും ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖർ. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ്‌ അന്തിമമായ അധികാരികളെന്നും ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളോട്‌ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ബില്ലുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ച സുപ്രീംകോടതി നടപടിയെ വിമർശിച്ചതിന്‌ പിന്നാലെയാണ്‌ പുതിയ പ്രസ്‌താവന. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയുടെ ഓരോ വാക്കും പരമമായ ദേശീയതാൽപ്പര്യം മുൻനിർത്തിയായിരിക്കുമെന്നും ധൻഖർ പറഞ്ഞു.


എന്നാൽ ഉപരാഷ്ട്രപതിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. നിയമപ്രകാരം പാർലമെന്റോ എക്‌സിക്യൂട്ടീവോ പരമോന്നതമല്ലെന്ന്‌ രാജ്യസഭാംഗം കപിൽ സിബൽ പറഞ്ഞു.


ഭരണഘടനയാണ്‌ പരമോന്നതം. ഭരണഘടനയിലെ വ്യവസ്ഥകളെ വ്യാഖ്യാനിക്കുന്നത്‌ സുപ്രീംകോടതിയാണ്‌. അങ്ങനെയാണ് ഈ രാജ്യം ഇതുവരെയായി നിയമത്തെ മനസ്സിലാക്കിയിട്ടുള്ളതെന്നും- സിബൽ പറഞ്ഞു.


കോടതിയലക്ഷ്യ ഹർജി കേൾക്കും

സുപ്രീംകോടതിയേയും ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്നയെയും അധിക്ഷേപിച്ച ബിജെപി എംപി നിഷികാന്ത്‌ ദുബെയ്‌ക്ക്‌ എതിരെ ക്രിമിനൽ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ടുള്ള ഹർജി കേൾക്കുമെന്ന്‌ സുപ്രീംകോടതി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ചട്ടപ്പടിയുള്ള അനുമതിക്കായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിക്ക്‌ കത്തുനൽകിയിട്ടും മറുപടി നൽകുന്നില്ലന്ന്‌ സുപ്രീംകോടതി അഭിഭാഷകൻ നരേന്ദ്ര മിശ്ര പരാമർശിച്ചപ്പോഴാണ്‌ അടുത്തയാഴ്‌ച കേൾക്കാമെന്ന്‌ ജസ്റ്റിസ് ബി ആർ ഗവായ്‌, അഗസ്റ്റിൻ ജോർജ്‌ എന്നിവരുടെ ബെഞ്ച്‌ അറിയിച്ചത്‌.


പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന്‌ നീക്കാൻ കോടതി ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ടുവെങ്കിലും അടുത്തയാഴ്‌ച പരിഗണിക്കാമെന്നായിരുന്നു ബെഞ്ചിന്റെ നിലപാട്‌. അതേസമയം, കേന്ദ്രസർക്കാർ നിയമിച്ച അറ്റോർണി ജനറൽ ബിജെപി എംപിയെ സംരക്ഷിക്കുയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്‌. ഇതിനിടെ ചൊവ്വാഴ്‌ച സുപ്രീംകോടതി ബാർ അസോസിയേഷനും , അഡ്വക്കേറ്റ്‌സ്‌ ഓൺ റെക്കൊർഡ് അസോസിയേഷനും ദുബെയുടെ പരാമർശങ്ങളെ അപലപിച്ച്‌ പ്രസ്‌താവനയിറക്കി.



deshabhimani section

Related News

View More
0 comments
Sort by

Home