അടഞ്ഞുകിടന്ന ഫ്ലാറ്റിൽ റെയ്ഡ്: പിടികൂടിയത് 100 കോടിയിലധികം വിലവരുന്ന സ്വർണവും ആഡംബര വാച്ചുകളും

photo credit: X
അഹമ്മദാബാദ് : അഹമ്മദാബാദിൽ അടഞ്ഞുകിടന്നിരുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 100 കോടിയിലധികം വില വരുന്ന വസ്തുക്കൾ. സ്വർണാഭരണങ്ങളും സ്വർണക്കട്ടികളും ആഡംബര വാച്ചുകളും പണവുമടക്കം 100 കോടി മൂല്യം വരുന്നവയാണ് റെയ്ഡിൽ പിടിച്ചെടുത്തത്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷെയർ ട്രേഡർ മേഘ്കുമാർ ഷായുടേതാണ് വാടക ഫ്ലാറ്റ്.
വിദേശത്തുനിന്ന് കടത്തുന്ന സ്വർണം ഫ്ലാറ്റിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. 87.9 കിലോ സ്വർണക്കട്ടി, 19.6 കിലോ ആഭരണങ്ങൾ എന്നിവയടക്കം 107 കിലോയോളം സ്വർണമാണ് കണ്ടെത്തിയത്. ഇതിൽ 52 കിലോ സ്വർണക്കട്ടികളിൽ വിദേശ മുദ്ര ഉണ്ടെന്നും അതിനാൽ ഇവ വിദേശരാജ്യങ്ങളിൽ നിന്ന് കടത്തിയതാണെന്നും പൊലീസ് പറഞ്ഞു.
ആഭരണങ്ങളിൽ ഡയമണ്ട്, മറ്റ് രത്നങ്ങൾ പതിപ്പിച്ചവ എന്നിവയും ഉൾപ്പെടുന്നു. ഡയമണ്ട് പതിപ്പിച്ചതടക്കം 11 ആഡംബര വാച്ചുകളും പിടികൂടിയവയുടെ കൂട്ടത്തിലുണ്ട്. ഇവയുടെ യഥാർഥ മൂല്യം കണക്കുകൂട്ടുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 1.37 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഷായുടെ ബന്ധുക്കൾ റെയ്ഡിന്റെ സമയത്ത് ഫ്ലാറ്റിലെത്തിയിരുന്നുവെന്നും എന്നാൽ സ്വർണത്തിന്റെയും പണത്തിന്റെയും കൃത്യമായ രേഖകൾ ഹാജരാക്കാൻ സാധിച്ചില്ലെന്നും പൊലീസ് പറഞ്ഞു. കസ്റ്റം ആക്ടിലെ സെക്ഷൻ 123 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡും ആന്റി സ്മഗ്ളിങ് ഏജൻസിയും അന്വേഷണം നടത്തിയത്.









0 comments