ഇസ്രയേൽ - ഇറാൻ സംഘർഷം: രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിൽ; തിരികെ എത്തിയത് 2,295 ഇന്ത്യക്കാർ

ന്യൂഡൽഹി: ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമായി തുടർന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി. ഇറാനിൽ നിന്ന് 292 പേരെയും ഇസ്രയേലിൽ നിന്ന് 366 പേരെയും ഇന്ത്യയിൽ തിരികെ എത്തിച്ചു. ഓപ്പറേഷൻ സിന്ധുവിലൂടെ ഇതുവരെ 2,295 ഇന്ത്യക്കാരെയാണ് സംഘർഷ മേഘലയിൽ നിന്ന് തിരികെ എത്തിച്ചത്.
161 ഇന്ത്യക്കാരാണ് അമാനിൽ നിന്ന് രാവിലെ 8:20 ഡൽഹിയിലെത്തിയത്. ഇസ്രയേലിൽ നിന്ന് ജോർദാനിലേക്ക് മാറ്റിയ ഇവരെ വിമാനമാർഗം ഡൽഹിയിലെത്തിക്കുകയായിരുന്നു. സി-17 സൈനിക വിമാനത്തിൽ 165 ഇന്ത്യക്കാരുടെ മറ്റൊരു സംഘത്തെ അമാനിൽ നിന്ന് ന്യൂഡൽഹിയിലെത്തിച്ചു. ഇസ്രയേലിൽ നിന്ന് വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരെ കേന്ദ്രമന്ത്രി എൽ മുരുകൻ സ്വീകരിച്ചു.
ഇറാനിൽ നിന്ന് ഒഴിപ്പിച്ച 292 ഇന്ത്യൻ പൗരന്മാരുമായി മഷാദിൽ നിന്ന് പുലർച്ചെ 3:30നാണ് ഡൽഹിയിലെത്തിയത്. പ്രത്യേക വിമാനത്തിലാണ് ഇവരെ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്‌സ്വാൾ പറഞ്ഞു. യാത്ര സംഘത്തിലെ 12 പേർ വിദ്യാർഥികളാണ്. ആ സംഘത്തിനൊപ്പം 14 മലയാളികൾ കൂടി ഡൽഹിയിലെത്തി.
ഇന്നലെ രാത്രി മഷ്ഹാദിൽ നിന്ന് 290 ഇന്ത്യക്കാരെയും ഒരു ശ്രീലങ്കൻ പൗരനെയും പ്രത്യേക വിമാനത്തിൽ ഒഴിപ്പിച്ചു. ഇറാൻ, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൗരന്മാരെ ഒഴിപ്പിച്ചത്.
ജൂൺ 13നാണ് ഇസ്രയേലും ഇറാനും തമ്മിൽ സംഘർഷങ്ങൾ ആരംഭിച്ചത്. ഇരുരാജ്യങ്ങളും പരസ്പരം നഗരങ്ങൾക്കും സൈനിക, തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ച് ആക്രമണം നടത്തി. ഞായറാഴ്ച രാവിലെ ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തിയതിനെത്തുടർന്ന് സംഘർഷം രൂക്ഷമായി.
ഇറാനിയൻ നഗരമായ മഷ്ഹാദ്, അർമേനിയൻ തലസ്ഥാനമായ യെരേവൻ, തുർക്ക്മെനിസ്ഥാൻ തലസ്ഥാനമായ അഷ്ഗാബത്ത് എന്നിവിടങ്ങളിൽ നിന്ന് ബുധനാഴ്ച മുതൽ ചാർട്ടേഡ് വിമാനങ്ങളിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു. മഷ്ഹാദിൽ നിന്നുള്ള മൂന്ന് ചാർട്ടേഡ് വിമാനങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇറാൻ വെള്ളിയാഴ്ച വ്യോമാതിർത്തി നിയന്ത്രണങ്ങൾ നീക്കിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 290 ഇന്ത്യക്കാരുമായി ആദ്യ വിമാനം ന്യൂഡൽഹിയിൽ ഇറങ്ങി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 310 ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനവുമെത്തി. യെരേവനിൽ നിന്ന് വ്യാഴാഴ്ച മറ്റൊരു വിമാനം എത്തി. അഷ്ഗാബത്തിൽ നിന്നുള്ള പ്രത്യേക വിമാനം ശനിയാഴ്ച രാവിലെയും പൗരന്മാരെ ഇന്ത്യയിലെത്തിച്ചു.
ഇസ്രയേലുമായുള്ള സംഘർഷത്തിൽ വെടിനിർത്തൽ ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിന് ഇസ്രായേൽ സമ്മതിച്ചതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്റെ ഔദ്യോഗിക പോസ്റ്റിലും കുറിച്ചു.









0 comments