ഇസ്രയേൽ- ഇറാൻ സംഘർഷം: ഡൽഹിയിലേക്കുള്ള 28 വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അമേരിക്കയുടെ ഇറാൻ ആക്രമണവും രൂക്ഷമായതോടെ വ്യോമാതിർത്തി അടച്ചതിനാൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഡൽഹി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിലേക്ക് വരുന്ന 28 വിമാനങ്ങളാണ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്നും പുറപ്പെടുന്ന 20 വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യയുടെ 17 വിമാനങ്ങളും ഇൻഡിഗോയുടെ എട്ട് വിമാനങ്ങളും മറ്റ് മൂന്ന് വിമാനക്കമ്പനികളുടെ സർവീസുകളുമാണ് റദ്ദാക്കിയത്.
ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളിൽ എയർ ഇന്ത്യയുടെ 10 വിമാനങ്ങളും ഇൻഡിഗോയുടെ ഏഴ് വിമാനങ്ങളും മറ്റ് എയർലൈനുകളുടെ മൂന്ന് വിമാനങ്ങളുമാണ് റദ്ദാക്കിയത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും യാത്രയ്ക്ക് തടസമുണ്ടാകാതിരിക്കാൻ സുരക്ഷിതമായ വിമാന പാതകൾ പരിഗണിക്കുന്നുണ്ടെന്നും ഇൻഡിഗോ അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി അടച്ചിതോടെ ചില വിമാന സർവീസുകളെ ബാധിച്ചേക്കാമെന്ന് സ്‌പൈസ് ജെറ്റ് എക്‌സിൽ കുറിച്ചു. മിഡിൽ ഈസ്റ്റിലെ നിലവിലുള്ള സാഹചര്യം കാരണം മേഖലയിലേക്കും തിരിച്ചുമുള്ള വിമാന പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്ന് അകാശ എയർ അറിയിച്ചു.
ദോഹയിലെ അൽ ഉദൈദ് യുഎസ് സൈനിക താവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിനെത്തുടർന്ന് ഖത്തർ, ബഹ്‌റൈൻ, യുഎഇ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങൾ തിങ്കളാഴ്ച രാത്രി മുതൽ ഈ രാജ്യങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിരുന്നു. തുടർന്നാണ് വിമാനക്കമ്പനികൾ പുതിയ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചത്.
0 comments