ഇന്ത്യ–പാക് സംഘർഷം; ഐപിഎൽ മത്സരങ്ങൾ നിർത്തിവച്ചു

മുംബൈ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ–പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് ആണ് ടൂർണമെന്റ് നിർത്തിവച്ച കാര്യം റിപ്പോർട്ട് ചെയ്തത്. ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഇതുവരെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. നേരത്തെ സുരക്ഷാ പ്രശ്‌നങ്ങളാൽ ധർമശാലയിൽ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിങ്‌സ്–ഡൽഹി ക്യാപിറ്റൽസ് മത്സരം മാറ്റിവച്ചിരുന്നു. ധർമശാല ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് 100 കിലോ മീറ്റർ മാത്രം അടുത്തുള്ള പത്താൻകോട്ടിൽ ആക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു ഇത്.
ഐപിഎൽ അനിശ്ചിതകാലത്തേക്ക് നിർത്തിവയ്‌ക്കാൻ തീരുമാനിച്ചിരിക്കുന്നു. താരങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം, അതുകൊണ്ടുതന്നെ ടൂർണമെന്റ് നിർത്തിവയ്‌ക്കാൻ തീരുമാനിച്ചിരിക്കുന്നു. ടൂർണമെന്റ് എപ്പോൾ ഇനി പുനരാരംഭിക്കുമെന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. നിലവിൽ രാജ്യത്തിന്റെ താത്‌പര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നത്.– അധികൃതർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പഞ്ചാബ്–ഡൽഹി മത്സരം മാറ്റിവച്ചതിന് പിന്നാലെ ടൂർണമെന്റ് കളിക്കാനായി ഇന്ത്യയിലേക്കെത്തിയ താരങ്ങൾ എത്രയും പെട്ടന്ന് മടങ്ങിപ്പോകണമെന്ന് അധീകൃതരെ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥിതിഗതികൾ വിശദമായി പരിശാധിച്ച് ഐപിഎൽ നിർത്തിവയ്‌ക്കുന്ന കാര്യത്തിൽ എത്രയും പെട്ടന്ന് തീരുമാനമുണ്ടാകുമെന്നും അധികൃതർ ഇന്നലെ തന്നെ അറിയിച്ചിരുന്നു.
പഞ്ചാബ്–ഡൽഹി മത്സരം ഉപേക്ഷിച്ചത് പാതിവഴിയിൽ
കശ്‌മീരിൽനിന്ന് 200 കിലോമീറ്റർമാത്രം അകലെയുള്ള ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ പഞ്ചാബ് കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള കളി പാതിവഴിയിൽ വച്ചാണ് ഒഴിവാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് 10.1 ഓവറിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 122 റണ്ണെന്നനിലയിലാണ് കളി തടസ്സപ്പെട്ടത്. പതിനൊന്നാം ഓവർ തുടങ്ങിയപ്പോഴേക്കും രണ്ട് ഫ്‌ളഡ്‌ലിറ്റുകൾ കണ്ണടച്ചു. തുടർന്ന് കളി നിർത്തി. മഴയെത്തുടർന്ന് ഒരുമണിക്കൂർ വൈകിയാണ് കളി തുടങ്ങിയതും.
സാങ്കേതിക തകരാറിനെത്തുടർന്ന് കളി ഉപേക്ഷിക്കുകയാണെന്നായിരുന്നു ബിസിസിഐ വിശദീകരണം. കളിക്കാരെയും കാണികളെയും സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു.









0 comments