രഹസ്യവിവരം ലഭിച്ചിരുന്നു
പഹൽഗാമിന് ശേഷം വീണ്ടും ഭീകരാക്രമണത്തിന് നീക്കമുണ്ടായിരുന്നതായി വിക്രം മിസ്രി

ന്യൂഡല്‍ഹി: പഹൽഗാമിൽ 26 പേരെ കൂട്ടക്കൊല ചെയ്ത ശേഷം വീണ്ടും ഭീകരാക്രമണത്തിന് നീക്കം നടക്കുന്നതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മിസ്രി ഇതു സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നതായി വ്യക്തമാക്കിയത്.
'രാജ്യത്തിന് എതിരെ കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായി ഞങ്ങളുടെ ഇന്റലിജന്‍സ് വൃത്തങ്ങൾ സൂചനകൾ നല്‍കിയിരുന്നു. അത് തടയാന്‍ വേണ്ടി, അതിര്‍ത്തി കടന്നുള്ള ഭീകരതയെ ചെറുക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിച്ചു. ഞങ്ങളുടെ നടപടികള്‍ കിറുകൃത്യവും വ്യാപനം കുറഞ്ഞതും ഉത്തരവാദിത്തത്തോട് കൂടിയതുമായിരുന്നു. -വിക്രം മിസ്രി പറഞ്ഞു.
തീവ്രവാദികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയ പാകിസ്ഥാൻ ഒരു നടപടിയും രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. അതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് തിരിച്ചടിക്കേണ്ടി വന്നതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
പഹല്‍ഗാമിലെ ഇരകളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് വളരെ അടുത്തുനിന്നും കുടുംബത്തിന്റെ മുന്നില്‍ വെച്ചുമാണ്. ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റന്‍സ് ഫ്രണ്ട് എന്ന ഗൂപ്പിന് ലഷ്‌കര്‍-ഇ തൊയ്ബയുമായി ബന്ധമുണ്ട്. ഏപ്രില്‍ 25-ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മാധ്യമക്കുറിപ്പില്‍ നിന്ന് ടിആര്‍എഫിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്യാനുള്ള പാകിസ്ഥാന്റെ സമ്മര്‍ദ്ദം പഹല്‍ഗാം ഭീകരാക്രമണത്തില്‍ തീവ്രവാദികളുമായുള്ള അവരുടെ ബന്ധം തുറന്നുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.









0 comments