നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ധൻധറിലെ പാക് പോസ്റ്റ് തകർത്തു

പ്രതീകാത്മക ചിത്രം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ അന്താരാഷ്ട്ര അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) വധിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് ജമ്മുവിലെ ബിഎസ്എഫ് യൂണിറ്റ് എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. വ്യാഴാഴ്ച രാത്രി പാകിസ്താൻ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു. ഇതിനിടെയായിരുന്നു ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ധൻധറിലെ പാകിസ്ഥാൻ പോസ്റ്റ് തകർത്തതായും ബിഎസ്എഫ് കുറിച്ചു. ഇന്നലെ രാത്രിയിൽ ബിഎസ്എഫ് നടത്തിയ ഓപ്പറേഷനിൽ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെഎം) അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
അതേസമയം പഞ്ച്കുലയിലെ അലേർട്ട് പിൻവലിച്ചു. ചണ്ഡിഗഡിലെയും അലേർട്ട് പിൻവലിച്ചു.നിരീക്ഷണം തുടരണമെന്ന് സേന വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാൻ ഇന്ത്യയിലേക്ക് ഡ്രോൺ, ഷെൽ ആക്രമണങ്ങൾ തുടരുകയാണ്. പാകിസ്ഥാൻ തൊടുത്ത 50 ഡ്രോണുകൾ ഇന്നലെ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തിരുന്നു. എൽ-70 തോക്കുകൾ, സു-23 എംഎം പീരങ്കികൾ, ഷിൽക്ക സിസ്റ്റങ്ങൾ, മറ്റ് ആന്റി-ഡ്രോൺ സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ചാണ് സൈന്യം ഡ്രോണുകൾ പ്രതിരോധിച്ചതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണ രേഖയിൽ കടുത്ത വെടിനിർത്തൽ കരാർ ലംഘനമുണ്ടായി. എന്നാൽ സൈന്യം ശക്തമായി തിരിച്ചടിച്ചതായി കരസേന അറിയിച്ചിരുന്നു.
ട്രെയിനുകൾ റദ്ദാക്കി
അതിർത്തി സംസ്ഥാനങ്ങളിലേക്കുള്ള നാലു ട്രെയിനുകൾ പൂർണമായും റദ്ദാക്കി. 2 ട്രെയിൻ സർവീസുകൾ ഭാഗികമായും നിർത്തലാക്കി. രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ജമ്മുവിൽ നിന്നും ഉദംപൂരിൽ നിന്നും ദില്ലിയിലേക്ക് മൂന്ന് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നു ഇന്ത്യൻ റയിൽവേ അറിയിച്ചിട്ടുണ്ട്.









0 comments