മേഘാലയയിൽ നവദമ്പതികളെ കാണാതായ സംഭവം: ഭർത്താവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യയ്ക്കായി തെരച്ചിൽ

സോനവും രാജ് രഘുവംശിയും. photo credit: X
ഷില്ലോങ് : മേഘാലയയിൽ കാണാതായ മധ്യപ്രദേശ് ഇൻഡോർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ഒപ്പം കാണാതായ ഭാര്യയ്ക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ (ചിറാപുഞ്ചി) ഹണിമൂണിനായി എത്തിയ രാജാ രഘുവംശിയെയും (30) ഭാര്യ സോന (27) ത്തെയുമാണ് മെയ് 23 ന് കാണാതായത്. സൊഹ്‌റയിലെ വെള്ളച്ചാട്ടത്തിനടുത്തുള്ള ആഴത്തിലുള്ള മലയിടുക്കിൽ നിന്നാണ് രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച മേഘാലയ പൊലീസ് കണ്ടെടുത്ത മൃതദേഹം രാജ രഘുവംശിയുടേതാണെന്ന് സഹോദരൻ വിപിൻ രഘുവംശി തിരിച്ചറിഞ്ഞു. മരണ സമയവും മറ്റ് വിശദാംശങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥലത്ത് നിന്ന് ഒരു സ്ത്രീയുടെ ഷർട്ട്, മരുന്നിന്റെ ഒരു സ്ട്രിപ്പ്, മൊബൈൽ ഫോൺ സ്‌ക്രീനിന്റെ ഒരു ഭാഗം, ഒരു സ്മാർട്ട് വാച്ച് എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലേക്ക് അയച്ചു. കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷക സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ പൊലീസ് സൂപ്രണ്ട് (എസ്‌പി) വിവേക് സീയം പറഞ്ഞു.
മേഘാലയയിലെത്തി നോൻഗ്രിയാറ്റ് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇരുവരെയും കാണാതായത്. ഇവിടെ നിന്ന് 20 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. വെയ്‌സാവോങ് വെള്ളച്ചാട്ടത്തിലേക്കുള്ള പാർക്കിങ് സ്ഥലത്തിന് താഴെയുള്ള ആഴത്തിലുള്ള ഒരു മലയിടുക്കിൽ പൊലീസ് ഡ്രോണിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. സോനം രഘുവംശിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇൻഡോർ ഡെപ്യൂട്ടി പൊലീസ് കമീഷണർ രാജേഷ് കുമാർ ത്രിപാഠി പറഞ്ഞു. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുകയാണ് രാജ രഘുവംശിയും കുടുംബവും. മെയ് 11 നാണ് ഇവർ വിവാഹിതരായത്. തുടർന്ന് മെയ് 20 ന് മേഘാലയയിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു.
മേഘാലയയിൽ എത്തിയ ശേഷം വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ മെയ് 22 നാണ് ദമ്പതികൾ മൗലഖിയാത് ഗ്രാമത്തിലെത്തിയത്. ശേഷം നോംഗ്രിയാത് ഗ്രാമത്തിലെ പ്രശസ്തമായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ സന്ദർശിച്ച ദമ്പതികൾ രാത്രി അവിടെ താമസിച്ചതായാണ് വിവരം. പിറ്റേന്ന് പുലർച്ചെ ഹോംസ്റ്റേയിൽ നിന്ന് ഇറങ്ങിയെങ്കിലും പിന്നീട് ദമ്പതികളെ കാണാതാവുകയായിരുന്നു. മെയ് 24 ന് ഷില്ലോങ്ങിനും സൊഹ്‌റയ്ക്കും ഇടയിലുള്ള റോഡിലെ ഒരു കഫേയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് ഗ്രാമീണരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. കനത്ത മഴയും മോശം കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയായി.









0 comments