ഇൻഡിഗോ വിമാനത്തിൽ പക്ഷിയിടിച്ചു: റാഞ്ചി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

പ്രതീകാത്മകചിത്രം
റാഞ്ചി : ഇൻഡിഗോ വിമാനത്തിൽ പക്ഷിയിടിച്ചതിനെത്തുടർന്ന റാഞ്ചി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. റാഞ്ചിയിലെ ബിർസ മുണ്ട വിമാനത്താവളത്തിലായിരുന്നു സംഭവം. 175 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പക്ഷിയിടിച്ചതിനെതുടർന്ന് എയർബസ് 320 വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. വിമാനത്തിന്റെ മുൻവശത്താണ് കേടുപാടുകളുണ്ടായത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഉച്ചയ്ക്ക് 1.14 നായിരുന്നു സംഭവം.
പട്നയിൽ നിന്ന് റാഞ്ചിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. സംഭവം നടക്കുമ്പോൾ വിമാനം ഏകദേശം 3,000 മുതൽ 4,000 അടി വരെ ഉയരത്തിലായിരുന്നു. തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ് നടത്തിയതായി ബിർസ മുണ്ട വിമാനത്താവള ഡയറക്ടർ ആർ ആർ മൗര്യ പറഞ്ഞു. കഴുകനാണ് വിമാനത്തിൽ ഇടിച്ചതെന്ന് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു. പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനത്തിന് ചെറിയ കേടുപാടുകളുണ്ടായെന്നും സാങ്കേതിക വിദഗ്ധർ പരിശോധിക്കുകയാണെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് പൈലറ്റ് അടിയന്തര ലാൻഡിങ് നടത്തിയതെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു. വിമാനത്തിൽ പക്ഷി ഇടിച്ച വിവരം ഇൻഡിഗോയും സ്ഥിരീകരിച്ചിട്ടുണ്ട്. റാഞ്ചിയിൻ നിന്ന് വിമാനം കൊൽക്കത്തയിലേക്ക് പോകേണ്ടതായിരുന്നുവെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.









0 comments