ഇൻഡിഗോ വിമാനം ആകാശചുഴിയിൽപ്പെട്ടു; അടിയന്തര ലാൻഡിങ്, യാത്രക്കാരെല്ലാം സുരക്ഷിതർ

ന്യൂഡൽഹി : ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ആകാശചുഴിയിൽപ്പെട്ടു. വിമാനത്തിന് കേടുപാടുകൾ ഉണ്ടായെങ്കിലും ശ്രീനഗറിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഇൻഡിഗോ 6ഇ2142 വിമാനമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. 227 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയെത്തുടർന്നായിരുന്നു സംഭവം. കാറ്റ് ശക്തമായതോടെ പൈലറ്റ് മോശം കാലവസ്ഥ വിമാനത്തിന്റെ യാത്രയെ ബാധിച്ചെന്ന വിവരം എയർ ട്രാഫിക്ക് കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. തുടർന്ന് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയ വിമാനം ബുധനാഴ്‌ച വൈകിട്ട് 6.30 ന് സുരക്ഷിതമായി ലാൻഡ് ചെയ്തു.
വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ആകാശച്ചുഴിയിൽപ്പെട്ട് വിമാനം ശക്തമായി കുലുങ്ങിയതോടെ പരിഭ്രാന്തരായ യാത്രക്കാരും കുട്ടികളും നിലവിളിക്കുന്നതിന്റെ ചില ദൃശ്യങ്ങൾ പുറത്തുവന്നു. കാലാവസ്ഥ മോശമായതിനെ തുടർന്ന് പത്തോളം വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. 50 വിമാനങ്ങളുടെ സമയക്രമം മാറ്റിയതായും റിപ്പോർട്ടുണ്ട്. അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ മാറ്റം വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ഉൾപ്പെടെ ബാധിച്ചു. ബുധൻ വൈകിട്ടോടെ ഡൽഹി അടക്കമുള്ള ഇടങ്ങളിൽ ശക്തമായ ആലിപ്പഴ വീഴ്ചയും അതിതീവ്ര മഴയുമുണ്ടായി.
0 comments