'പാൻ പാൻ പാൻ': ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങിനു മുമ്പ് പൈലറ്റിന്റെ സന്ദേശം

photo credit : IndiGo facebook
മുംബൈ : സാങ്കേതിക തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് മുംബൈയിൽ അടിയന്തര ലാൻഡിങ്. ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് പോവുകയായിരുന്ന വിമാനമാണ് ഇന്നലെ രാത്രി മുംബൈയിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്.
191 യാത്രക്കാരുമായി പറന്ന എയർബസ് A320neo വിമാനം (6E 6271) രാത്രി 9.53 ന് സുരക്ഷിതമായി ലാൻഡ് ചെയ്തു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പറന്നുയർന്ന വിമാനത്തിന് രാത്രി 9.27 ന് ഭുവനേശ്വറിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ വടക്ക് വച്ചാണ് തകരാർ കണ്ടെത്തുന്നത്. തുടർന്ന് മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
ലാൻഡിങ്ങിനു മുമ്പ് പൈലറ്റ് 'പാൻ പാൻ പാൻ' സന്ദേശം നൽകിയിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. ജീവൻ അപകടപ്പെടുത്താത്തതും എന്നാൽ ശ്രദ്ധ ആവശ്യമുള്ളതുമായ അടിയന്തരാവസ്ഥയെ സൂചിപ്പിക്കാൻ പൈലറ്റുമാരും നാവികരും ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് എമർജൻസി സിഗ്നലാണ് പാൻ അലർട്ട്. വിമാനത്തിനോ ജീവനോ ഉടനടി ഭീഷണിയല്ലാത്തതും എന്നാൽ പെട്ടെന്നുള്ള ശ്രദ്ധ ആവശ്യമുള്ളതുമായ പ്രശ്നങ്ങൾ നേരിടുമ്പോഴാണ് പൈലറ്റുമാർ പാൻ സിഗ്നൽ ഉപയോഗിക്കുന്നത്.
ഭാഗിക എഞ്ചിൻ തകരാർ, വിമാനത്തിലെ മെഡിക്കൽ അത്യാഹിതങ്ങൾ, കുറഞ്ഞ ഇന്ധനം, ഗുരുതരമല്ലാത്ത മെക്കാനിക്കൽ തകരാർ എന്നീ സന്ദർഭങ്ങളിലാണ് പാൻ അലർട്ട് നൽകുന്നത്. മെയ്ഡേ കോളിനേക്കാൾ ഒരു ലെവൽ താഴെയാണ് പാൻ കോൾ. മെയ്ഡേ കോൾ ഗുരുതരമായ ഭീഷണിയെയാണ് സൂചിപ്പിക്കുന്നത്. പൂർണ്ണമായ എഞ്ചിൻ തകരാർ, തീപിടിത്തം, വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന പ്രശ്നങ്ങൾ എന്നിവയുണ്ടാകുമ്പോഴാണ് മെയ്ഡേ സന്ദേശം നൽകുന്നത്. വ്യക്തതയുണ്ടാകാനും ഉടനടി തിരിച്ചറിയാനും തെറ്റായ ആശയവിനിമയത്തിനുള്ള സാധ്യത കുറയ്ക്കാനുമാണ് കോളുകൾ മൂന്ന് തവണ ആവർത്തിക്കുന്നത്.









0 comments