"വധശിക്ഷ' കാത്ത്‌ ഭരണഘടന

modi
avatar
റിതിൻ പൗലോസ്‌

Published on Aug 15, 2025, 01:22 AM | 1 min read


ന്യൂഡൽഹി

ഇന്ത്യൻ ഭരണഘടനയ്‌ക്ക്‌ "വധശിക്ഷ' വിധിച്ചിരിക്കുകയാണ്‌ ബിജെപിയും സംഘപരിവാറും. ഭരണഘടനാ സ്ഥാപനങ്ങൾ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത ഭീഷണിയാണ് നേരിടുന്നത്‌. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ഉൾചേർന്ന ആശയങ്ങളായ സോഷ്യലിസവും മതനിരപേക്ഷതയും വരെ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന്‌ നീക്കാനുള്ള ശ്രമങ്ങൾ ഉ‍ൗർജിതമാണ്‌. ജനാധിപത്യവ്യവസ്ഥയുടെ കാവലായി നിലകൊള്ളേണ്ട തെരഞ്ഞെടുപ്പ്‌ കമീഷൻ, ജുഡീഷ്യറി, അന്വേഷണ ഏജൻസികൾ, പാർലമെന്റ്‌ തുടങ്ങി അടിസ്ഥാന ശിലകളിൽ നിന്നെല്ലാം കാവിനിറം ഒലിച്ചിറങ്ങുന്നു. സംഘപരിവാരത്തിന്റെയും ആർഎസ്‌എസിന്റെയും ലക്ഷ്യം ഇവയുടെ അന്ത്യമാണ്‌. നാലിൽ മൂന്ന്‌ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി ഭരണഘടന പൊളിച്ചെഴുതുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം തിരിച്ചടി നൽകിയെങ്കിലും അജൻഡയുമായി സംഘപരിവാർ മുന്നോട്ടുപോകുകയാണ്. ആർഎസ്‌എസിന്‌ നൂറുവർഷം തികഞ്ഞ 2025ൽ മതരാഷ്‌ട്രവാദത്തിലൂന്നിയ ഹിന്ദുരാഷ്‌ട്രമെന്ന സ്വപ്‌നം താൽക്കാലികമായെങ്കിലും ഇന്ത്യൻ ജനതയ്‌ക്ക്‌ ചെറുക്കാനായി. എന്നാൽ കാര്യങ്ങൾ ആശങ്കാജനകമാണ്‌.


തെരഞ്ഞെടുപ്പ്‌ കമീഷൻ ബിജെപി ഏജന്റായി മാറികൊണ്ടിരിക്കുന്നു. വോട്ടർപട്ടിക തിരുത്തലും വോട്ടിങ്‌ ശതമാനത്തിലെ തിരിമറികളും കമീഷന്റെ വിശ്വാസ്വതയില്ലാതാക്കി. ബിഹാറിലെ വോട്ടർപട്ടികയിലെ വെട്ടിനിരത്തൽ കമീഷന്റെ സംഘപരിവാർ ആഭിമുഖ്യത്തിന്റെ ഏറ്റവും അവസാനത്തെ തെളിവായി. ​


നീതിപീഠം പോലും സംഘപരിവാർ ആഭിമുഖ്യത്തിൽനിന്ന്‌ മുക്തമല്ല. അസാധാരണ വിധിയിലൂടെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന്‌ മസ്‌ജിദിന്റെ ഭൂമി പിടിച്ചെടുത്തു നൽകി. വിധി പറഞ്ഞ അഞ്ച്‌ ജഡ്‌ജിമാരെയും പ്രാണപ്രതിഷ്‌ഠയ്‌ക്ക്‌ വിളിച്ചു. ചീഫ്‌ ജസ്‌റ്റിസായിരുന്ന രഞ്ജൻ ഗഗോയിയെ രാജ്യസഭാംഗമാക്കി. ജസ്‌റ്റിസ്‌ അബ്‌ദുൾ നസീറിന്‌ ഗവണർപദവി നൽകി. വിധിന്യായങ്ങള്‍ വിരമിക്കലിന്‌ ശേഷമുള്ള സ്ഥാനമാനങ്ങൾക്ക്‌ വേണ്ടികൂടിയാണെന്ന അപകടകരമായ സന്ദേശം ഉയരുന്നു.


പാർലമെന്ററി സംവിധാനവും ദുർബലമാക്കപ്പെട്ടു. ചർച്ചകൂടാതെ ബില്ലുകൾ പാസാക്കുന്നതും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കുന്നതും നിത്യസംഭവമായി. അന്വേഷണ ഏജൻസികൾ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ഏജന്റുമാരായി അധഃപതിച്ചു. ഇഡിയുടെയും സിബിഐയുടെയും കേസ്‌ നേരിടാത്ത പ്രതിപക്ഷനേതാക്കൾ അപൂർവമായി.




deshabhimani section

Related News

View More
0 comments
Sort by

Home