ഇളയരാജയുടെ പാട്ട് തർക്ക കേസ് ബോംബെ ഹൈക്കോടതി തന്നെ കേൾക്കും

ilayaraj
വെബ് ഡെസ്ക്

Published on Jul 28, 2025, 02:04 PM | 3 min read

ന്യൂഡൽഹി: സംഗീത സൃഷ്ടികൾക്ക് മേലുള്ള ഉടമസ്ഥതാ അവകാശവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഇളയരാജ സോണി കേസ് ബോംബെ ഹൈക്കോടതിയിൽ തന്നെ തുടരും. പകർപ്പവകാശ കേസ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഇളയരാജയുടെ ഹർജി സുപ്രീം കോടതി തള്ളി.


സോണി മ്യൂസിക് എന്റർടൈൻമെന്റ് ഇന്ത്യ ഇളയരാജയ്ക്ക് എതിരെ 2022-ൽ ബോംബെ ഹൈക്കോടതിയിൽ നൽകിയ കേസാണ്. ഇളയരാജ മ്യൂസിക് ആന്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (IMMPL) അദ്ദേഹത്തിന്റെ 536 സംഗീത കൃതികൾ ഉപയോഗിക്കുന്നത് തടയണമെന്നായിരുന്നു സോണി മ്യൂസിക്സ് ആവശ്യം.


ഇളയരാജ 2014 മുതൽ ഈ പാട്ടുകളുടെ അവകാശവുമായി ബന്ധപ്പെട്ട് ഓറിയന്റൽ റെക്കോർഡ്‌സും എക്കോ റെക്കോർഡിംഗുമായി കേസിലാണ്. ഇതിനിടെ പ്രസ്തുത പാട്ടുകളുടെ അവകാശങ്ങൾ തങ്ങൾ നിയമപരമായി വാങ്ങിച്ചിരുന്നു എന്നാണ് സോണി അവകാശപ്പെടുന്നത്.


തന്റെ 500-ലധികം സംഗീത രചനകൾ ഉൾപ്പെട്ട ഈ പകർപ്പവകാശ തർക്ക കേസ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സംഗീത സംവിധായകൻ ഇളയരാജയുടെ ആവശ്യം. വ്യവഹാരത്തിലുള്ള 536 കേസുകളിൽ 310 എണ്ണവും മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിൽ സമാന്തരമായി കേസിൽ തുടരുന്നതായി ഐഎംഎംപിഎൽ ചൂണ്ടികാട്ടി.


കേസ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന് സംഗീതജ്ഞനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണന്റെ വാദത്തോട് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എൻ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് യോജിച്ചില്ല.


എക്കോ റെക്കോർഡിംഗിനെതിരെ 2014 ൽ ഇളയരാജ ഫയൽ ചെയ്ത കേസിന്റെ തുടർച്ച സംഗീത സൃഷ്ടിക്ക് മേലുള്ള സംവിധായകന്റെ അവകാശം സംബന്ധിച്ച ചോദ്യം ഉയർത്തുന്നു. തന്റെ രചനകൾക്ക് മേലുള്ള അവകാശം തിരിച്ചു കിട്ടാൻ ആവശ്യപ്പെട്ടാണ് അന്നത്തെ കേസ്. പകർപ്പവകാശ നിയമപ്രകാരം സംഗീതസംവിധായകന്റെ ധാർമ്മികവും സാമ്പത്തികവുമായ അവകാശങ്ങൾ നിലനിർത്തി കിട്ടണമെന്ന് വാദിച്ചു.


മദ്രാസ് ഹൈക്കോടതി 2019 ൽ ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ ഇളയരാജയുടെ ധാർമ്മികവും പ്രത്യേകവുമായ അവകാശങ്ങൾ ശരിവച്ചിരുന്നു. എന്നാൽ സോണി ഈ പാട്ടുകളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരുന്നതായി വാദിച്ച് രംഗത്ത് എത്തി.


1,500 സിനിമകളിലായി 7,500 ൽ അധികം ഗാനങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും മുൻനിര സംഗീതസംവിധായകരിൽ ഒരാളാണ് ഇളയരാജ. പകർപ്പവകാശ ലംഘനത്തിനെതിരെ ഇളയരാജ നിരവധി ചലച്ചിത്ര നിർമ്മാതാക്കൾക്ക് നിയമ നോട്ടീസുകൾ അയച്ചിട്ടുണ്ട്.


മഞ്ഞുമ്മൽ ബോയ്സും കേസിലായി


ളയരാജ തന്റെ 'കൺമണി അൻപൊടു കാതലൻ' എന്ന ഗാനം മുൻകൂർ അനുമതിയില്ലാതെ ഉപയോഗിച്ചതിന് മലയാള സിനിമയായ 'മഞ്ജുമൽ ബോയ്‌സ്' നിർമ്മാതാക്കൾക്ക് എതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരുന്നു. ഈ ഗാനത്തിന്റെ ഉപയോഗം “മഞ്ജുമൽ ബോയ്‌സിന്റെ” വിജയത്തിന് ഗണ്യമായ സംഭാവന നൽകി എന്ന് വാദിക്കയും ചെയ്തു.


റെക്കോർഡ് ലേബലിൽ നിന്ന് അനുമതി വാങ്ങിയാൽ മതിയോ, അതോ യഥാർത്ഥ സംഗീതസംവിധായകനിൽ നിന്നോ ഗാനരചയിതാവിൽ നിന്നോ അനുമതി വാങ്ങേണ്ടതുണ്ടോ എന്നിങ്ങനെ നിയമ ചർച്ചകളും ഇതോടെ ഉയർന്നു വന്നിരുന്നു.


ഒരു പാട്ടിന് എത്ര അവകാശികളുണ്ട്


ഗാനരചയിതാവിന് സ്വതന്ത്രമായി പകർപ്പവകാശം നിലവിലുണ്ട്. അവിടെ ഗാനരചയിതാവ് രചയിതാവും പകർപ്പവകാശത്തിന്റെ ആദ്യ ഉടമയുമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതുപോലെ സംഗീത രചന അഥവാ സംവിധാനങ്ങൾക്ക് അവരുടേതായ സ്വതന്ത്ര പകർപ്പവകാശങ്ങളുണ്ട്. സംഗീത രചയിതാവിനെ രചയിതാവും പകർപ്പവകാശത്തിന്റെ ആദ്യ ഉടമയുമായി പറയുന്നു. കൂടാതെ, ഇളയരാജ കേസിലെന്നപോലെ, സൗണ്ട് റെക്കോർഡിംഗ് കമ്പനികൾക്കും അവർ നിർമ്മിക്കുന്ന റെക്കോർഡിംഗുകളുടെ പകർപ്പവകാശ വാദമുണ്ട്. കൂടാതെ ഒരു സൗണ്ട് റെക്കോർഡിംഗിന്റെ നിർമ്മാതാവിനെ അതിന്റെ ഉടമയായി കണക്കാക്കുകയും അതിന്റെ നിയമപരമായ പകർപ്പവകാശം ഉണ്ടായിരിക്കുകയും ചെയ്യുന്നു.


ഒരു പതിറ്റാണ്ടിൽ ഏറെയായി നീളുന്ന തർക്കമാണ്. പകർപ്പവകാശ നിയമത്തിൽ 2012-ൽ പാർലമെന്റ് ഭേദഗതി വരുത്തിയിരുന്നു. പ്രധാനമായും സംഗീതസംവിധായകരും ഗാനരചയിതാക്കളും അടങ്ങുന്ന ലോബിയിസ്റ്റുകളാണ് ഇത് നേടിയത് എന്ന് ഇതിനെതിരെ എതിർ പക്ഷം വാദിക്കുന്നു.


ഇളയരാജയും എസ് പിബിയും തമ്മിലും


രു പൊതുപരിപാടിയിൽ തന്റെ ഗാനങ്ങൾ ആലപിച്ചതിന് ഇളയരാജ എസ് പി ബാലസുബ്രഹ്മണ്യത്തിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. സിനിമാ നിർമ്മാതാക്കൾ അവരുടെ സിനിമകളിലും പണമടച്ചുള്ള പരിപാടികളിലും സംഗീതസംവിധായകരുടെ ഗാനങ്ങൾ ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടതോടെ ഇളയരാജ പിന്നീട് പോരാട്ടത്തിൽ വിജയിച്ചു.


2015-ൽ ശങ്കറിന്റെ 'കപ്പൽ' എന്ന ചിത്രത്തിൽ ഇളയരാജയുടെ 'ഒരു വിട്ട് ഒരു വന്തു' എന്ന ഗാനം ഒരു സീനിൽ പ്രയോജനപ്പെടുത്തി. തുടർന്ന് ഇളയരാജ ശങ്കറിനെതിരെ ഗാനം ഉപയോഗിച്ചതിന് നിയമപോരാട്ടം തുടങ്ങി. പിന്നീട്, സംഗീതസംവിധായകന്റെ ആവശ്യം അംഗീകരിച്ച് നിർമ്മാതാക്കൾ പ്രശ്നം രമ്യമായി പരിഹരിച്ചു.


രജനീകാന്തിന്റെ 'കൂലി' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിൽ അദ്ദേഹത്തിന്റെ വിന്റേജ് ചിത്രമായ 'തങ്കമഗനിലെ' 'വാ വാ പക്കം വാ' എന്ന ഗാനത്തിന്റെ ഒരു ദൃശ്യം ഉപയോഗിച്ചിരുന്നു.


കൂലി നിർമ്മാതാക്കൾക്ക് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചു. സംഗീതസംവിധായകരുടെ സംഘം നിർമ്മാതാക്കളോട് ശരിയായ അനുമതി തേടാനോ ടൈറ്റിൽ ടീസറിൽ നിന്ന് ഗാനം നീക്കം ചെയ്യാനോ ആവശ്യപ്പെട്ട് പിന്നാലെ രംഗത്ത് വന്നു. ഇതും കോടതിക്ക് പുറത്ത് തീർക്കുകയായിരുന്നു എന്ന് പിന്നീട് വർത്ത വന്നു.




deshabhimani section

Related News

View More
0 comments
Sort by

Home