മങ്ങിയ മാർക്കിങ്ങുകൾ, തേഞ്ഞ ടയർ; വിമാനത്താവളങ്ങളിൽ ഗുരുതര വീഴ്‌ചകൾ

പ്രതീകാത്മകചിത്രം
ന്യൂഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തിനു പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നടത്തിയ സമഗ്ര പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചകൾ. തേഞ്ഞുപോയ ടയറുകളും സാങ്കേതിക തകരാറുകളും അവഗണിച്ച് വിമാനം പറത്തിയത് മുതൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങിൽ വരെയുള്ള പിഴവുകളാണ് പരിശോധനയിൽ പുറത്തുവന്നത്.
ഒന്നിലധികം നിയമലംഘനങ്ങളും പ്രധാന വിമാനത്താവളങ്ങളിലെ നിരീക്ഷണത്തിനിടെ ഒന്നിലധികം കേസുകളിൽ ആവർത്തിച്ചുള്ള തകരാറുകളും കണ്ടെത്തി.
ഒരു വിമാനത്താവളത്തിലെ റൺവേയിലെ മധ്യത്തിലുള്ള മാർക്കിങ്ങുകൾ മങ്ങിയ നിലയിലാണ്. മൂന്ന് വർഷത്തേക്ക് തടസ്സ പരിധി ഡാറ്റ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ടയറുകൾ തേഞ്ഞുപോയതിനാൽ പ്രമുഖ വിമാനക്കമ്പനിയുടെ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാനം വൈകിയതുവരെയുള്ള പ്രശ്നങ്ങൾ ഡിജിസിഎ കണ്ടെത്തി.
വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ വർക്ക് ഓർഡർ പാലിച്ചിട്ടില്ലെന്നും പല വിമാനത്താവളങ്ങളിലും ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളെ സംബന്ധിച്ച് പോലും വിവരങ്ങളില്ലെന്നും കണ്ടെത്തി. സിമുലേറ്ററും ആകൃതിയുമായി പല വിമാനങ്ങൾക്കും പൊരുത്തക്കേടുകൾ കണ്ടെത്തി.
ഡിജിസിഎ ജോയിന്റ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള രണ്ട് ഉന്നതതല സംഘങ്ങൾ ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ തിങ്കൾ രാത്രിയും ചൊവ്വ പുലർച്ചയും നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
വിമാനത്തിന്റെ പ്രവർത്തനക്ഷമത, വായുയോഗ്യത, സുരക്ഷ, എയർ ട്രാഫിക് കൺട്രോൾ (എടിസി), ആശയവിനിമയം, വിമാനം പറക്കുന്നതിന് മുമ്പുള്ള പരിശോധനകൾ, അറ്റകുറ്റപ്പണി രീതികൾ തുടങ്ങി വിവിധ മേഖലകളിൽ പരിശോധന നടത്തി.
ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ പല വിമാനങ്ങളിലും പരിഹരിച്ചിട്ടില്ലെന്നും കൃത്യമായി പരിശോധന നടത്താത്തതിന്റെ പിഴവാണെന്നും ഡിജിസിഎ ചൂണ്ടിക്കാണിച്ചു.
ഭാവിയിലും സമഗ്രമായ നിരീക്ഷണം തുടരുമെന്ന് ചൂണ്ടിക്കാട്ടിയ ഡിജിസിഎ, ഏഴ് ദിവസത്തിനുള്ളിൽ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കണ്ടെത്തലുകൾ അറിയിച്ചതായും പറഞ്ഞു.









0 comments