നവാഗതരില്ലാതെ 8000 സ്‌കൂൾ; അവിടെ 20,817 അധ്യാപകർ


സ്വന്തം ലേഖകൻ
Published on Oct 27, 2025, 01:48 AM | 1 min read
ന്യൂഡൽഹി: രാജ്യത്ത് 2024–25 അധ്യയന വർഷം ഒരു വിദ്യാർഥിപോലും പ്രവേശനം നേടാത്ത 8000ത്തോളം സ്‌കൂളുകളുണ്ടെന്ന് ഒൗദ്യോഗിക കണക്ക്. ഇൗ സ്‌കൂളുകളിലായി 20,817 അധ്യാപകരുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
ഒരു കുട്ടിപോലും പ്രവേശനം നേടിയിട്ടില്ലാത്ത സ്‌കൂളുകളുടെ പട്ടികയിൽ പശ്ചിമ ബംഗാളാണ് ഒന്നാമത്. 3812 സ്‌കൂൾ. 17,965 അധ്യാപകർ. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് പൂജ്യം പ്രവേശനമുള്ള സ്‌കൂളുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞവർഷം ഇത്തരം 12,954 സ്‌കൂളുകളാണ് ഉണ്ടായിരുന്നത്. രാജ്യത്ത് ലക്ഷത്തിലധികം ഏകാധ്യാപക വിദ്യാലയങ്ങളിൽ 33 ലക്ഷത്തോളം വിദ്യാർഥികൾ പഠിക്കുന്നു. ഏകാധ്യാപക വിദ്യാലയങ്ങൾ ഏറ്റവും കൂടുതൽ ആന്ധ്രാപ്രദേശിൽ. ഉത്തർപ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.
ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് ആറു ശതമാനം കുറഞ്ഞു. സ്‌കൂൾ വിദ്യാഭ്യാസം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള വിഷയമാണെന്നും പൂജ്യം പ്രവേശനമുള്ള സ്‌കൂളുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വാർത്താഏജൻസിയോട് പ്രതികരിച്ചു.









0 comments