ആഹ്ലാദം പ്രകടിപ്പിച്ചും മോദിയെ പ്രശംസിച്ചും ട്രംപ് , ഈ വർഷംതന്നെ ഉഭയകക്ഷിവ്യാപാര കരാർ
യുഎസിന് വഴങ്ങി ഇന്ത്യ ; 4 ദിവസത്തെ വ്യാപാര ചർച്ച അവസാനിച്ചു

എം പ്രശാന്ത്
Published on Mar 30, 2025, 03:48 AM | 1 min read
ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവഭീഷണിക്ക് വഴങ്ങിയുള്ള നാലു ദിവസത്തെ ഇന്ത്യ–- അമേരിക്ക വ്യാപാരചർച്ച ശനിയാഴ്‌ച അവസാനിച്ചു. അമേരിക്കയിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങൾക്ക് അടക്കം തീരുവനിരക്ക് ഗണ്യമായി കുറയ്‌ക്കാമെന്നാണ് ധാരണ. ചർച്ചയുടെ പുരോഗതിയിൽ ട്രംപ് ആഹ്ലാദം പ്രകടിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്‌തതിൽ നിന്നുതന്നെ കേന്ദ്രസർക്കാർ പൂർണമായി വഴങ്ങിയെന്ന് വ്യക്തമായി. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാലുദിവസത്തെ ചർച്ച അവസാനിച്ചുവെന്നും ഈ വർഷംതന്നെ സമഗ്രമായ ഉഭയകക്ഷിവ്യാപാര കരാറിന്റെ ആദ്യ ഘട്ടം സാധ്യമാകുമെന്നും കേന്ദ്ര വാണിജ്യമന്ത്രാലയം അറിയിച്ചു. ഇരുരാജ്യത്തെയും മേഖലാതല വിദഗ്‌ധർ ഓൺലൈനായി വരും ആഴ്ചകളിൽ തുടർചർച്ച നടത്തും. തുടർന്ന് നേരിട്ടുള്ള ചർച്ചകൾ. മുൻഗണനാ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള ആശയകൈമാറ്റം ചർച്ചയിലുണ്ടായി. വിപണി ലഭ്യത വർധിപ്പിക്കുക, തീരുവ–- തീരുവയിതര തടസ്സങ്ങൾ നീക്കുക തുടങ്ങിയ കാര്യങ്ങളിലടക്കം മികവുറ്റ രീതിയിൽ ആശയകൈമാറ്റമുണ്ടായി.
ഇന്ത്യ–- അമേരിക്ക ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതി പ്രതിഫലിപ്പിച്ചാണ് ചർച്ച വിജയകരമായി അവസാനിച്ചത്–- വാണിജ്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവയടക്കം കുറയ്‌ക്കാമെന്ന ഉറപ്പാണ് ഇന്ത്യ ചർച്ചയിൽ നൽകിയത്. പാലുൽപ്പന്നങ്ങളുടെയും ക്ഷീരമേഖലയിലെ മറ്റ് ഉൽപ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ട്.








0 comments