മസൂദ് അസറിനെ വിട്ടുതരാൻ കേന്ദ്രം ആവശ്യപ്പെടാത്തത് എന്തുകൊണ്ട് ?
വിദ്വേഷപ്രചാരണം തടയാതെ ഭീകരത ചെറുക്കാനാവില്ല: : ജോൺ ബ്രിട്ടാസ്

ന്യൂഡൽഹി : സർവകക്ഷി യോഗത്തിൽ വ്യക്തതയോടെ അഭിപ്രായവും നിലപാടും പറഞ്ഞ് സിപിഐ എം പ്രതിനിധിയും രാജ്യസഭാ കക്ഷിനേതാവുമായ ജോൺ ബ്രിട്ടാസ്.
ഇന്ത്യയുടെ ഉദ്ദേശം നേടിയെന്നാണ് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ വിശദീകരിച്ചത്. ഈ സാഹചര്യത്തിൽ സംഘർത്തിന് അയവ് വരുത്താൻ പക്വതയാർന്ന സമീപനം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. ലോകത്തിനാകെ മാതൃകയായ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. 'യുദ്ധം തുടങ്ങുന്നത് നമ്മുടെ കയ്യിൽ നിന്നാകാം എന്നാൽ അവസാനിക്കുനന്ത് നമ്മുടെ കയ്യിലായിരിക്കണമെന്നില്ല' എന്ന മുൻപ്രധാനമത്രി എബി വാജ്പേയുടെ വാക്കുകൾ സർക്കാർ ഓർക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു.
സംഘർഷത്തിന് അയവ് വന്നെന്നാണ് സർവകക്ഷി യോഗത്തിൽ പറഞ്ഞത്. എന്നാൽ ഇപ്പോഴത്തേത് തുടക്കം മാത്രമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിസഭാ യോഗത്തിൽ സൂചിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവഴി സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വിശദീകരിക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇത്തരം സൈനിക നടപടികൾ വഴി ഭീകരവാദികളെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് മുൻകാല അനുഭവങ്ങളുടെ പശ്‌ചാത്തലത്തിൽ നോക്കുമ്പോൾ ഉറപ്പില്ല. നയതന്ത്ര നീക്കങ്ങൾ തുടരുകയും ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്‌ട്രസമ്മർദ്ദം ശക്തിപ്പെടുത്തുകയും ചെയ്യണം.
സേനാ നടപടിയെ പൂർണമായും പിന്തുണയ്ക്കുന്നു. എന്നാൽ കശ്മീരിൽ വിലപ്പെട്ട ജീവൻ ഓരോ ദിവസവും നഷ്ടപ്പെടുകയാണ്. പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള എല്ലാ ഭീകരതയുടെയും കേന്ദ്രം ജെയ്ഷേ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറാണ്. 1999ൽ അന്നത്തെ എൻഡിഎ സർക്കാർ വിട്ടുകൊടുത്ത ആളാണ് മസൂദ് അസർ. ഇയാളെ യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. മസൂദ് അസറിനെ വിട്ടുതരണമെന്ന് എന്തുകൊണ്ട് കേന്ദ്രം ആവശ്യപ്പെടുന്നില്ല. ഭീകരതയ്ക്ക് മതമില്ല. എന്നാൽ സമൂഹത്തിൽ വെറുപ്പും വിദ്വേഷവും ജനങ്ങളിൽ ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കശ്മീരിൽ കൊല്ലപ്പെട്ടവരുടെ ഭാര്യമാർക്കെതിരെ പോലും കുപ്രചരണമുണ്ടായി. എന്നാൽ ആർക്കെതിരെയും കേന്ദ്രം നടപടി എടുത്തിട്ടില്ല. വിദ്വേഷപ്രചാരണം തടയാതെ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ വിജയം നേടാൻ കഴിയില്ല. ഉചിതമായ സമയത്ത് ജമ്മു–-കശ്‌മീരിലേയ്‌ക്ക് സർവകക്ഷി സംഘത്തെ അയക്കണം. ഇത്രയും പ്രധാന വിഷയത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽനിന്ന് പ്രധാനമന്ത്രി വിട്ടുനിന്നത് ഖേദകരമാണ്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.









0 comments