ഇന്ത്യയുടെ വിദേശനയത്തിലെ മാറ്റം ; ദിശാസൂചിയായത് ഇടതുപക്ഷ നിലപാട്

എം പ്രശാന്ത്
Published on Sep 03, 2025, 03:30 AM | 2 min read
ന്യൂഡൽഹി
അമേരിക്കന്‍ വിധേയത്വം ഉപേക്ഷിച്ച് ബഹുധ്രുവ ലോകക്രമം ശക്തിപ്പെടുത്തുംവിധം ഇന്ത്യയുടെ വിദേശനയത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം സിപിഐ എം ഉൾപ്പെടെ ഇടതുപക്ഷ പാർടികൾ ദീർഘനാളായി മുന്നോട്ടുവയ്‌ക്കുന്നത്. കോൺഗ്രസിന്റെയും ബിജെപിയുടെയും സർക്കാരുകള്‍ അമേരിക്ക താൽപ്പര്യപ്പെടുന്ന ഏകധ്രുവ ലോകക്രമത്തെ പിന്തുണയ്‌ക്കുംവിധമാണ് വിദേശനയം പാകപ്പെടുത്തിയത്. അമേരിക്കൻ കുത്തകകൾക്കായി ഇന്ത്യൻ വിപണി തുറന്നിട്ടും പ്രതിരോധ, ആണവ, വ്യാപാര മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തിയും പൂർണമായും യുഎസ് ആധിപത്യത്തിന് വഴിപ്പെട്ടു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ‘സൗഹൃദം’ അമേരിക്കൻ ചേരിയിലേക്ക് ഇന്ത്യയെ കൂടുതലായി അടുപ്പിച്ചു. 2020ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപിന് വേണ്ടി യുഎസിലും ഇന്ത്യയിലും മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ വരെ സംഘടിപ്പിച്ചു. ട്രംപിനായി ലജ്ജയില്ലാതെ പരസ്യമായി വോട്ടഭ്യർഥിച്ചു. മോദിയുടെ പ്രചാരണം -ഫലം ചെയ്‌തില്ല. ട്രംപ് തോറ്റു. 2024 ലെ തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും ജയിച്ചെത്തിയതോടെ ലോകമാകെ ആശങ്കപ്പെട്ടെങ്കിലും മോദി മാത്രം ആഹ്ലാദിച്ചു.
എന്നാൽ ട്രംപിന്റെ തീരുവപ്രഹരം മോദിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ആകെ നിലതെറ്റിയ ഘട്ടത്തിലാണ് ഷാങ്‌ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിലൂടെ പിടിച്ചുനിൽക്കാൻ ഒരിടം മോദിക്ക് കിട്ടിയത്. ബഹുധ്രുവ ലോകക്രമത്തിനായി നിലകൊള്ളുമെന്ന് ചൈന പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ചയിൽ മോദി വ്യക്തമാക്കിയതോടെ കാലങ്ങളായി പിന്തുടർന്ന യുഎസ് പക്ഷപാത വിദേശനയത്തിനാണ് മാറ്റം വരുന്നത്.
ബിജെപിയിലും മറ്റ് വലതുപക്ഷ പാർടികളിലും യുഎസ് ലോബി ഇപ്പോഴും ശക്തമാണ്. ചൈനയുമായി ഇന്ത്യ സൗഹൃദം സ്ഥാപിക്കുന്നതിനോട് ഇവർക്ക് യോജിപ്പില്ല. അതുകൊണ്ടുതന്നെ യുഎസ് അനുകൂല വിദേശനയത്തിലേക്ക് കേന്ദ്രസർക്കാരിനെ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമം ഇൗ കേന്ദ്രങ്ങളിൽ നിന്നുണ്ടാകും. ചൈനയും റഷ്യയും ഇന്ത്യയും ചേർന്നുള്ള കൂട്ടുകെട്ട് യുഎസിനെയും മറ്റ് പാശ്ചാത്യരാജ്യങ്ങളെയും അലോസരപ്പെടുത്തുന്നുണ്ട്. ബഹുധ്രുവ ലോകക്രമത്തിലേക്ക് ആഗോളരാഷ്‌ട്രീയം മാറുന്നതിനെ അട്ടിമറിക്കാൻ പാശ്ചാത്യലോബി ശ്രമിക്കും. ചൈനയും റഷ്യയുമായുള്ള വ്യാപാര, വാണിജ്യബന്ധത്തിലൂടെ യുഎസിന്റെ തീരുവപ്രഹരത്തെ ഒരു പരിധി വരെ മറികടക്കാൻ കഴിയുമെന്നതിനാൽ പെട്ടെന്നൊരു തിരിച്ചുപോക്ക് സാധ്യമല്ല.
യുഎസുമായി ചർച്ച തുടരുന്നുണ്ടെന്ന് പീയുഷ് ഗോയൽ
അമേരിക്കയുമായി ഉഭയകക്ഷി വ്യാപാരബന്ധത്തിൽ എത്താനുള്ള സംഭാഷണം തുടരുകയാണെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ ഒരു വ്യാപാരസംഘടനയുടെ ചടങ്ങിൽ പറഞ്ഞു. കൂടുതൽ രാജ്യങ്ങളുമായി ഇന്ത്യ കരാറുകളിൽ ഏർപ്പെടുകയാണ്. ചിലി, പെറു, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളുമായും യൂറോപ്യൻ യൂണിയനുമായും കരാറിലെത്തി.
ഓസ്ട്രേലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായി രണ്ടാം ഘട്ട കരാറിലും എത്തി. യുഎസുമായും സംഭാഷണം തുടരുകയാണ്– ഗോയൽ പറഞ്ഞു. ചർച്ച എപ്പോൾ പുനരാരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഉഭയകക്ഷി വ്യാപാരകരാറിനായുള്ള ആറാം വട്ട ചർച്ചകൾ ആഗസ്‌ത് അവസാനം ഇന്ത്യയിൽ നടക്കാനിരിക്കെയാണ് റഷ്യൻ ക്രൂഡോയിലിന്റെ പേരിൽ 25 ശതമാനം അധിക തീരുവകൂടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇതോടെ ചർച്ച വഴിമുട്ടി.
ഇന്ത്യയിലേക്ക് കൂടുതൽ ലാഭത്തിൽ റഷ്യന്‍ എണ്ണ ഒഴുകും
എസ്‌സിഒ ഉച്ചകോടിയിൽ ഇന്ത്യ–ചൈന– റഷ്യ സൗഹൃദം കൂടുതല്‍ ദൃഢമായതോടെ റഷ്യയിൽനിന്ന് കൂടുതൽ വിലക്കുറവിൽ ക്രൂഡോയിൽ ഇന്ത്യയിലേക്ക് എത്തുന്നു. സെപ്‌തംബർ അവസാനത്തിലും ഒക്‌ടോബറിലും ബാരലിന് മൂന്ന് മുതൽ നാലുവരെ ഡോളർ ലാഭത്തിലാകും ക്രൂഡോയിൽ ഇറക്കുമതി. നിലവിൽ ബാരലിന് രണ്ടര ഡോളർ ലാഭത്തിലാണ് ലഭിക്കുന്നത്.
ജൂലൈയിൽ റഷ്യൻ ക്രൂഡോയിലിന്റെ ലാഭം ഒരു ഡോളർ വരെയായി കുറഞ്ഞിരുന്നു. അമേരിക്കയടെ തീരുവ പ്രഖ്യാപനത്തോടെയാണ് റഷ്യ കൂടുതൽ വിലക്കുറവിൽ ഇന്ത്യക്ക് ക്രൂഡോയിൽ നൽകിയത്. 2022 മുതലാണ് റഷ്യയിൽനിന്ന് ഇന്ത്യ ക്രൂഡോയിൽ കൂടുതലായി ഇറക്കുമതി ചെയ്‌തു തുടങ്ങിയത്. നിലവിൽ ആകെ ക്രൂഡോയിൽ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയിൽ നിന്നാണ്. ഇന്ത്യക്ക് ക്രൂഡോയിൽ വിൽക്കുന്നതിൽ ഇറാഖ്, സൗദി, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളെല്ലാം റഷ്യക്ക് പിന്നിലാണ്.
റഷ്യയിൽനിന്ന് കുറഞ്ഞ വിലയ്‌ക്ക് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുക വഴി ഇന്ത്യൻ റിഫൈനറികൾക്ക് കഴിഞ്ഞ മൂന്നുവർഷ കാലയളവിൽ ഒരു ലക്ഷം കോടിയിലേറെ രൂപയുടെ നേട്ടമുണ്ടായി.









0 comments