സൈനികരംഗത്തെ സ്ഥിതിഗതികൾ അമേരിക്കയുമായി ചർച്ച ചെയ്തു, വ്യാപാരകാര്യങ്ങൾ വന്നില്ല; വിദേശകാര്യ മന്ത്രാലയം

photo credit: X
ന്യൂഡൽഹി: സൈനികരംഗത്തെ സ്ഥിതിഗതികൾ അമേരിക്കൻ നേതാക്കളുമായി ചർച്ച ചെയ്തിരുന്നെന്നും എന്നാൽ വ്യാപാരകാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്‌തിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായി സംസാരിച്ചതായും ജയ്‌സ്വാൾ സമ്മതിച്ചു. വെടിനിർത്തൽ സാധ്യമായില്ലെങ്കിൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തുമെന്ന അവകാശവാദവുമായി ഡോണാൾഡ് ട്രംപ് രംഗത്ത് വന്നിരുന്നു. ഇന്ത്യ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതന് മുമ്പേ ആയിരുന്നു ട്രംപ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന പ്രഖ്യാപിത നയത്തിൽ മാറ്റമില്ലെന്ന് ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയുടെ സൈനിക ശക്തിയാണ് പാകിസ്ഥാനെ വെടിനിർത്തലിലേയ്ക്ക് എത്തിച്ചത്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഡിജിഎംഒമാർ സംസാരിച്ച് ആക്രമണങ്ങൾ നിർത്താൻ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ ആക്രമണത്തിൽ ഇന്ത്യ, പാകിസ്ഥാനിലെ - തീവ്രവാദികളുടെ ഒളിത്താവളങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടത്. എന്നാൽ പാകിസ്ഥാൻ ഇവിടുത്തെ സാധാരണ ജനങ്ങളെയാണ് ഇരയാക്കാൻ ശ്രമിച്ചതെന്നും ജയ്‌സ്വാൾ പറഞ്ഞു. പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തിയാൽ ഇന്ത്യ പ്രതിരോധിക്കുമെന്നും സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാൻ ഉപേക്ഷിക്കുന്നതുവരെ ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവയ്ക്കും.
ബിഎസ്എഫ് കോൺസ്റ്റബിൾ ബി കെ സാഹുവിന്റെ മോചനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് മറുപടിയില്ല. 20 ദിവസമായി പാകിസ്ഥാൻ കസ്റ്റഡിയിലാണ് സാഹു.
പാകിസ്ഥാൻ ഭീകരതയുടെ പ്രഭവകേന്ദ്രമാണ്. ഇന്ത്യയ്ക്ക് സ്വയം സുരക്ഷയ്ക്ക് അവകാശമുണ്ടെന്ന് ലോകമെമ്പാടുമുള്ള നേതാക്കൾ അംഗീകരിച്ചു. ഭീകരതയെ പിന്തുണയ്ക്കുന്നതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ഏപ്രിൽ 25 ന് യുഎൻ സുരക്ഷാ കൗൺസിൽ പറഞ്ഞിരുന്നു. അതിർത്തി കടന്നുള്ള ഭീകരതയോട് "സീറോ ടോളറൻസ് പോളിസി'യാണ് ഇന്ത്യയുടേത്. പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കും. ടിആർഎഫിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയെ സമീപിക്കും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.









0 comments