മ്യാൻമറിന് അടിയന്തര സഹായവുമായി ഇന്ത്യ

ന്യൂഡൽഹി: ഭൂചലനത്തിൽ കനത്ത നാശനഷ്ടങ്ങളുണ്ടായ മ്യാൻമറിനും തായ്ലൻഡിലും അടിയന്തര സഹായമറിയിച്ച് ഇന്ത്യ. മ്യാൻമറിലെ സൈനിക നിയന്ത്രണത്തിലുള്ള ഗവൺമെന്റ് തലവനായ മിൻ ഓങ് ഹ്ലായിങ്ങിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. മ്യാൻമറിന് സഹായവുമായി ‘ഓപ്പറേഷൻ ബ്രഹ്മ’ ഇന്ത്യ പ്രഖ്യാപിച്ചു.
‘ഓപ്പറേഷൻ ബ്രഹ്മ’യുടെ ഭാഗമായി 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി ഇന്ത്യൻ വ്യോമസേനയുടെ 130 ജെ മിലിട്ടറി ട്രാൻസ്പോർട്ട് വിമാനം മ്യാൻമറിലെത്തി. സോളാർ വിളക്കുകൾ,സ്ലീപ്പിംഗ് ബാഗുകൾ, ഭക്ഷണ പാക്കറ്റുകൾ, വാട്ടർ പ്യൂരിഫയറുകൾ, ശുചിത്വ കിറ്റുകൾ, പുതപ്പുകൾ, അടുക്കള സെറ്റുകൾ, ടെൻ്റുകൾ തുടങ്ങിയ അവശ്യ വസ്തുക്കളാണ് ആദ്യമെത്തിച്ചത്. പാരസെറ്റമോൾ, ആൻറിബയോട്ടിക്കുകൾ, കാനുല, സിറിഞ്ചുകൾ, കയ്യുറകൾ, കോട്ടൺ ബാൻഡേജുകൾ, തുടങ്ങിയ അവശ്യ മരുന്നുകളും ഇതിൽ ഉൾപ്പെടുന്നു. മ്യാൻമർ നഗരമായ യാങ്കോണിൽ ഇന്ത്യൻ അംബാസിഡർ വസ്തുക്കൾ ഏറ്റുവാങ്ങി അധികൃതർക്ക് കൈമാറി.
അടിയന്തര മാനുഷിക സഹായവുമായി രണ്ട് ഇന്ത്യൻ വിമാനങ്ങൾ മ്യാൻമറിലെത്തും. പ്രത്യേക ഉപകരണങ്ങളും തിരച്ചിൽ നായ്ക്കളുമായി 80 എൻഡിആർഎഫ് രക്ഷാപ്രവർത്തകരുടെ സംഘം നയ്പിഡാവിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. കൂടാതെ, 40 ടൺ മാനുഷിക സഹായങ്ങളുമായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും യാങ്കോൺ തുറമുഖത്തേക്ക് യാത്രതിരിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലെഫ്റ്റനന്റ് കേണൽ ജഗ്നീത് ഗില്ലിന്റെ നേതൃത്വത്തിലുള്ള എലൈറ്റ് ശത്രുജീത് ബ്രിഗേഡ് മെഡിക്കൽ റെസ്‌പോണ്ടേഴ്‌സിൽ നിന്നുള്ള 118 അംഗ സംഘം അവശ്യ മെഡിക്കൽ ഉപകരണങ്ങളും സാധനങ്ങളുമായി ഉടൻ തന്നെ മ്യാൻമറിലേക്ക് തിരിക്കും. ദുരന്തത്തിൽ പരിക്കേറ്റവർക്ക് ഉടനടി പരിചരണം നൽകുന്നതിനായി ഇന്ത്യൻ സൈന്യം മെഡിക്കൽ ചികിത്സാ കേന്ദ്രം സ്ഥാപിക്കും. 60 പേരെ ഉൾക്കൊള്ളാവുന്ന അടിയന്തര ചികിത്സാ സംവിധാനമാണ് ഒരുക്കുന്നത്. ട്രോമ കേസുകൾ, അടിയന്തര ശസ്ത്രക്രിയകൾ, അവശ്യ മെഡിക്കൽ സേവനങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഈ സൗകര്യത്തിന് കഴിയും.
വെള്ളിയാഴ്ച മ്യാൻമറിലും അയൽരാജ്യമായ തായ്‌ലൻഡിലും അനുഭവപ്പെട്ട ഭൂചലനത്തിന് 7.7 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ കെട്ടിടങ്ങളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നു. 1,002 പേർ മരിച്ചതായും 2,376 പേർക്ക് പരിക്കേറ്റതായും മ്യാൻമർ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അറുപതിനായിരത്തോളം ഇന്ത്യക്കാർ പ്രശ്നബാധിത പ്രദേശത്തുള്ളതായാണ് കണക്ക്. എന്നാൽ ഇന്ത്യക്കാർക്കാർക്കും പരിക്കേറ്റിട്ടുള്ളതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. മ്യാൻമറിലുള്ള ഇന്ത്യൻ കമ്യൂണിറ്റികളുമായും സംഘടനകളുമായും സംസാരിച്ചുവരികയാണെന്നും ആവശ്യ സഹായങ്ങളെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.









0 comments