'സൈന്യം വെടിനിര്‍ത്തല്‍ നടപ്പാക്കും, എല്ലാ സൈനിക നടപടികളും നിർത്തിവച്ചു' - പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യ – പാക് വെടിനിർത്തൽ അംഗീകരിച്ച് ഇന്ത്യ. എല്ലാ സൈനിക നടപടികളും നിർത്തിവച്ചതായും സൈന്യം വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്നും പ്രതിരോധമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘർഷത്തെകുറിച്ച് വ്യാജപ്രചരണങ്ങളാണ് പാകിസ്ഥാൻ നടത്തുന്നതെന്നും പ്രതിരോധമന്ത്രാലയം പറഞ്ഞു. ഇന്ത്യൻ സൈന്യം പള്ളികൾ ആക്രമിച്ചുവെന്ന പാക് ആരോപണം കള്ളമാണ്. പാകിസ്ഥാനെതിരായ സൈനിക നടപടിയിൽ മതപരമായ സ്ഥലങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ എസ് -400 സുദർശൻ ചക്ര വ്യോമ പ്രതിരോധ സംവിധാനങ്ങൾ ജെഎഫ് -17 ജെറ്റുകൾ ഉപയോഗിച്ച് നശിപ്പിച്ചുവെന്ന പാകിസ്ഥാന്റെ അവകാശവാദം നുണയാണ്.
പാകിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് ഇന്ത്യൻ സായുധ സേന വലിയ പ്രഹരമേൽപ്പിച്ചു. തന്ത്രപ്രധാന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന പാകിസ്ഥാന്റെ വ്യോമതാവളങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായതായി പ്രതിരോധ മന്ത്രാലയം പറഞ്ഞു. പാകിസ്ഥാന്റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾ നിർവീര്യമാക്കാൻ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയന്ത്രണരേഖയ്ക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി. ഇന്ത്യൻ നേവി ക്യാപ്‌റ്റൻ രഘുആർ നായർ, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിംഗ് എന്നിവരാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത്.
അതേ സമയം താൽക്കാലികമായി നിർത്തിവച്ച സിന്ധു നദീജല കരാർ പാകിസ്ഥാനുമായുള്ള വെടിനിർത്തൽ ചർച്ചകളുടെ ഭാഗമല്ലെന്ന് ഇന്ത്യ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട് ചെയ്തു. കരാർ താൽക്കാലികമായി നിർത്തിവച്ച നിലയിൽ തുടരും. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ 'സീറോ ടോളറൻസ്' നയത്തിൽ നിന്ന് ഒരു മാറ്റവും വരുത്തുന്നില്ലെന്നും അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.









0 comments