മൂന്നാം കക്ഷി ഇടപെടൽ ; തള്ളാനാകാതെ കേന്ദ്രം

India-pakistan Ceasefire
avatar
എം പ്രശാന്ത്‌

Published on May 13, 2025, 03:29 AM | 1 min read


ന്യൂഡൽഹി

പാകിസ്ഥാനുമായുള്ള വെടിനിർത്തലിന് ഇന്ത്യക്കുമേൽ അമേരിക്കൻ സമ്മർദമുണ്ടായെന്ന ആരോപണം തള്ളാനാകാതെ കേന്ദ്രസർക്കാർ. ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണത്തിന്‌ മുമ്പുതന്നെ യുഎസ്‌ പ്രസിഡന്റ്‌ ‍ഡോണൾഡ്‌ ട്രംപ് വെടിനിർത്തൽ സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചിരുന്നു. വൈസ്‌പ്രസിഡന്റ്‌ ജെ ഡി വാൻസും വിദേശസെക്രട്ടറി മാർകോ റൂബിയോയും വെടിനിർത്തൽ വിശദാംശം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്‌തു.


മൂന്നാംകക്ഷി ഇടപെടലിനെക്കുറിച്ച്‌ സർക്കാർ വിശദീകരിക്കണമെന്നും പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും പ്രധാന പ്രതിപക്ഷ പാർടികള്‍ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല.


അതിർത്തിയിൽ കടുത്ത ഏറ്റുമുട്ടലുണ്ടായ മെയ്‌ ഒമ്പതിന്‌ രാത്രിയിൽ യുഎസ്‌ വൈസ്‌പ്രസിഡന്റ്‌ വാൻസ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലഫോൺ സംഭാഷണത്തോടെയാണ്‌ വെടിനിർത്തൽ നടപടികൾക്ക്‌ തുടക്കമായത്‌. പാകിസ്ഥാൻ അതിസാഹസത്തിന്‌ മുതിരുമെന്ന ഇന്റലിജൻസ്‌ റിപ്പോർട്ടുകളെ തുടർന്നാണ്‌ വാൻസ്‌ രാത്രിയിൽ മോദിയെ ഫോണിൽ ബന്ധപ്പെട്ടത്‌. പിന്നാലെ വിദേശസെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്‌ ജയ്‌ശങ്കർ, സുരക്ഷാഉപദേഷ്‌ടാവ്‌ അജിത് ഡോവൽ എന്നിവരുമായി സംസാരിച്ചു.


പാകിസ്ഥാനിലെ രാഷ്ട്രീയ –- സൈനിക നേതൃത്വവുമായും വാൻസും റൂബിയോയും ആശയവിനിമയം നടത്തി. ഇരുരാജ്യത്തെയും സൈനിക നടപടികളുടെ ഡിജിമാർ സംഭാഷണം നടത്താനും വെടിനിർത്തലിലേക്ക്‌ നീങ്ങാനും ഇതോടെ ധാരണയായി.


കശ്‌മീർ വിഷയത്തിലോ പാകിസ്ഥാനുമായുള്ള തർക്കവിഷയങ്ങളിലോ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന ഇന്ത്യയുടെ പരമ്പരാഗത നിലപാടിലാണ്‌ മോദി സർക്കാർ വെള്ളം ചേർത്തത്‌. വെടിനിർത്തല്‍ സ്വാഗതം ചെയ്യപ്പെടുമ്പോഴും എന്തുകൊണ്ട്‌ യുഎസ്‌ സമ്മര്‍ദത്തിന്‌ വഴങ്ങിയെന്ന ചോദ്യം നിലനിൽക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home