കിരാന കുന്നുകൾ ആക്രമിച്ചിട്ടില്ല

വെടിനിർത്തൽ തുടരും ; സൈനികതല ചർച്ചയിൽ ധാരണ

India-pakistan Ceasefire
വെബ് ഡെസ്ക്

Published on May 13, 2025, 01:30 AM | 2 min read


ന്യൂഡൽഹി

അതിർത്തിയിൽ ദിവസങ്ങൾ നീണ്ട സംഘർഷത്തിനൊടുവിൽ ശനിയാഴ്‌ച പ്രഖ്യാപിച്ച വെടിനിർത്തലിൽ ഉറച്ച്‌ മുന്നോട്ടുപോകാൻ ഇന്ത്യ–- പാകിസ്ഥാൻ ധാരണ. സൈനിക നടപടികൾക്കായുള്ള ഡയറക്‌ടർ ജനറൽമാർ (ഡിജിഎംഒ) തിങ്കളാഴ്‌ച നടത്തിയ ഹോട്ട്‌ലൈൻ സംഭാഷണത്തിലാണ്‌ തീരുമാനം. അതിർത്തിയിലും നിയന്ത്രണരേഖയിലും സമാധാനം ഉറപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും ധാരണ. വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷം അത്‌ ലംഘിച്ച്‌ പാക് സേന ആക്രമണം നടത്തിയതിലുള്ള പ്രതിഷേധം കരസേനാ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന്‌ പാക്‌ സേനാ ഡിജിഎംഒ കാഷിഫ്‌ അബ്‌ദുള്ള ചൗധരി ഉറപ്പുനൽകി. ജനവാസ മേഖലകളിലേക്കും സൈനിക പോസ്റ്റുകളിലേക്കും ഷെല്ലിങ്‌ പാടില്ലെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തിയിലെ സൈനികരുടെ എണ്ണം അടിയന്തരമായി കുറയ്‌ക്കാനും തീരുമാനമായി. പകൽ 12നാണ്‌ നിശ്ചയിച്ചതെങ്കിലും വൈകിട്ട്‌ അഞ്ചിനാണ്‌ ചർച്ച നടന്നത്‌.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വെടിനിർത്തലിനുശേഷമുള്ള സാഹചര്യങ്ങൾ ചർച്ച ചെയ്‌തു. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌, വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ, ദേശീയ സുരക്ഷാഉപദേഷ്‌ടാവ്‌ അജിത് ഡോവൽ, സംയുക്ത സേനാമേധാവി, മൂന്ന്‌ സേനാതലവൻമാർ എന്നിവർ പങ്കെടുത്തു. വെടിനിർത്തലിനുശേഷമുള്ള രണ്ടാം രാത്രി അതിർത്തിയും നിയന്ത്രണരേഖയും സമാധാനപരമായിരുന്നുവെന്ന്‌ സൈന്യം അറിയിച്ചു. അതിർത്തിമേഖലകളിൽ ജനജീവിതം സാധാരണനിലയിലേക്ക്‌ എത്തിത്തുടങ്ങി. വ്യാപാരസ്ഥാപനങ്ങളും മറ്റും തുറന്നുപ്രവർത്തിച്ചു. അതിർത്തിയോട്‌ ചേർന്നുള്ളത്‌ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു.


കിരാന കുന്നുകൾ ആക്രമിച്ചിട്ടില്ല

പാക്‌ ആണവായുധ കേന്ദ്രമായ കിരാന കുന്നുകൾ ആക്രമിച്ചില്ലെന്ന്‌ ഇന്ത്യൻ സായുധസേനാ നേതൃത്വം സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘കിരാന കുന്നിലാണോ അവരുടെ ആണവകേന്ദ്രം? അത്‌ ഞങ്ങൾക്ക്‌ അറിയില്ലായിരുന്നു. നിങ്ങൾ പറഞ്ഞത്‌ കൊണ്ട്‌ അറിയാൻ പറ്റി. എന്തായാലും അവിടെ ഞങ്ങൾ ആക്രമണം നടത്തിയിട്ടില്ല’– വാർത്താസമ്മേളനത്തിൽ എയർ മാർഷൽ എ കെ ഭാരതി പറഞ്ഞു. കിരാന കുന്നുകൾ ആക്രമിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ്‌ അദ്ദേഹം രസകരമായ മറുപടി നൽകിയത്‌.


പാക്‌ പഞ്ചാബ്‌ പ്രവിശ്യയിലെ സർഗോധയിലെ മുഷാഫ്‌ വ്യോമകേന്ദ്രം ഇന്ത്യ ആക്രമിച്ചതായി സംഘപരിവാർ കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഈ വ്യോമകേന്ദ്രവും കിരാനകുന്നിലെ ഭൂഗർഭ ആണവകേന്ദ്രവും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട്‌ ഇന്ത്യ പാക്‌ ആണവകേന്ദ്രം ആക്രമിച്ചെന്ന രീതിയിലായിരുന്നു പ്രചരണം.


അതേസമയം ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ കറാച്ചിക്ക്‌ സമീപമുള്ള മാലിർ കന്റോൺമെന്റ്‌ ആക്രമിച്ചതായി സ്ഥിരീകരിച്ചു. പാക്‌ മിസൈൽ ആക്രമണത്തിന്‌ മറുപടിയായി ഭൂതല –-വ്യോമ മിസൈലുകളാണ്‌ ഈ ലക്ഷ്യത്തിലേക്ക്‌ തൊടുത്തതെന്ന്‌ എയർമാർഷൽ എ കെ ഭാരതി പറഞ്ഞു. കറാച്ചിയിൽനിന്ന്‌ 35 കിലോമീറ്റർ അകലെയുള്ള പാക്‌ സൈനികതാവളമാണിത്‌. ലാഹോറിലെ റഡാർ കേന്ദ്രം ഹാർപി ഡ്രോണുകൾ ഉപയോഗിച്ച്‌ ആക്രമിച്ചു. പാക്‌ പഞ്ചാബ്‌ പ്രവിശ്യയിലെ ഗുജ്‌റൻവാലാ റഡാർ കേന്ദ്രവും ആക്രമിച്ചു. ഇന്ത്യക്ക്‌ പരിമിതമായ നാശനഷ്ടം മാത്രമാണുണ്ടായത്‌.


പാകിസ്ഥാന്റെ മിറാഷ്‌ യുദ്ധവിമാനം തകർത്തതിന്റെ അവശിഷ്‌ടങ്ങളുടെ വീഡിയോ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. വ്യോമാക്രമണത്തിൽ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമകേന്ദ്രം, റഹിം യാർ ഖാൻ വ്യോമകേന്ദ്രം എന്നിവിടങ്ങളിൽ ഉണ്ടായ നാശനഷ്‌ടങ്ങളുടെ വീഡിയോയും പുറത്തുവിട്ടു. എയർ മാർഷൽ എ കെ ഭാരതി, ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ്‌ എസ്‌ ശാർദ എന്നിവരാണ്‌ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്‌.


അടച്ചിട്ട 
32 വിമാനത്താവളങ്ങൾ പ്രവർത്തനം തുടങ്ങി

ഇന്ത്യ പാക്‌ സംഘർഷത്തെ തുടർന്ന്‌ അതിർത്തി മേഖലയിൽ അടച്ചിട്ട 32 വിമാനത്താവളങ്ങളുടെ പ്രവർത്തനം തിങ്കളാഴ്‌ച പുനരാരംഭിച്ചു. സ്ഥിതിഗതികൾ ശാന്തമായതോടെയാണ്‌ എയർപോർട്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ(എഎഐ)യുടെ തീരുമാനം. 15 വരെ അടച്ചിടാനായിരുന്നു മുൻ നിർദേശം. അതേസമയം, വിമാനത്താവളങ്ങളിൽ കർശനമായ അധികസുരക്ഷയും സന്ദർശകർക്കുള്ള പ്രവേശനവിലക്കും തുടരും.



deshabhimani section

Related News

View More
0 comments
Sort by

Home