അതിർത്തിയില്‍ ആശ്വാസം ; ജനജീവിതം സാധാരണനിലയിലേക്ക്

വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ശ്രീനഗറിലെ ലാൽ ചൗക്കിലെ വീട്ടിലേക്ക് മടങ്ങുന്ന കുടുംബം
ന്യൂഡൽഹി
വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അതിർത്തി സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണനിലയിലേക്ക്. സ്‌ഫോടനശബ്‌ദവും ഭീതിയും ഒഴിഞ്ഞതിന്റെ സന്തോഷം തിങ്കളാഴ്‌ച ജനങ്ങൾ പങ്കുവച്ചു. ജമ്മു കശ്‌മീരിലും പഞ്ചാബിലും രാജസ്ഥാനിലും കടകമ്പോളങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു.
പാക് ഷെല്ലിങ്ങിൽ ആളുകൾ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയുംചെയ്‌ത പൂഞ്ചിൽ വെടിയൊച്ചകളില്ലാത്ത രാത്രിയാണ് ഞായറാഴ്‌ച കടന്നുപോയതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള തിങ്കളാഴ്‌ച സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും ബങ്കറുകളിലുംനിന്ന് ജനങ്ങൾ വീടുകളിൽ തിരിച്ചെത്തിത്തുടങ്ങി. ജമ്മു കശ്‌മീരിൽ അതിർത്തി ജില്ലകൾക്ക് പുറത്തുള്ള മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചൊവ്വാഴ്‌ച തുറക്കുമെന്ന് സർക്കാർ അറിയിച്ചു. അതിർത്തി ജില്ലകളിൽ സ്‌കൂൾ തുറക്കുന്നത് പിന്നീട് അറിയിക്കും.
പഞ്ചാബ് അതിർത്തിയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ജില്ലാ അധികൃതർ അറിയിച്ചു. സ്‌കൂൾ തുറക്കുന്നതിൽ തീരുമാനമായിട്ടില്ല. ഡ്രോൺ ആക്രമണം നടന്ന ഫിറോസ്‌പുരിൽനിന്ന് പലായനം ചെയ്‌ത ഗ്രാമവാസികൾ തിരികെയെത്തി. ഭയം പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നും ജാഗ്രതയോടെ വീണ്ടും പാടത്തേക്ക് ഇറങ്ങാൻ തയ്യാറെടുക്കുകയാണെന്നും ഗ്രാമത്തിലെ കർഷകർ പറഞ്ഞു. ട്രെയിൻ സർവീസുകൾ പുനഃരാരംഭിച്ചിട്ടുണ്ട്. രാജസ്ഥാനിലും അതിർത്തിജില്ലകളിൽ സ്‌കൂൾ തുറക്കില്ല. ബിക്കാനീറിൽ കനത്ത സുരക്ഷതുടരുമെന്നും അധികൃതർ പറഞ്ഞു.









0 comments