ക്ഷീരമേഖല ന്യൂസിലൻഡിന് തുറന്നുകൊടുക്കും ; പ്രഖ്യാപനവുമായി മോദി

റിതിൻ പൗലോസ്
Published on Mar 18, 2025, 03:27 AM | 1 min read
ന്യൂഡൽഹി : സ്വതന്ത്രവ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യൻ വിപണി ന്യൂസിലൻഡിന്റെ ക്ഷീരോൽപ്പന്നങ്ങൾക്കായി തുറന്നുകൊടുക്കാമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ സന്ദർശനത്തിനെത്തിയ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയ്‌ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്‌താവനയിലാണ് ഇന്ത്യന്‍ ക്ഷീരകർഷകരുടെ നട്ടെല്ലൊടിക്കുന്ന പ്രഖ്യാപനം.
ക്ഷീരോൽപ്പന്നങ്ങൾ ന്യൂസിലൻഡിൽനിന്ന് ഇന്ത്യയിലേയ്‌ക്ക് ഒഴുകിയാൽ ആഭ്യന്തര കർഷകരുടെയും സഹകരണ സംഘങ്ങളുടെയും നിലനിൽപ്പ് അപകടത്തിലാകും. പൂർണമായും യന്ത്രവൽക്കരിക്കപ്പെട്ട ന്യൂസിലൻഡിലെ ക്ഷീരവ്യവസായത്തോട് മത്സരിക്കാൻ ഇന്ത്യൻ കർഷകർക്കാവില്ല. വരുമാനമിടിയുന്നത് ചെറുകിട–-ഇടത്തരം കർഷകരെയും സംഘങ്ങളെയും കടക്കെണിയിലേയ്‌ക്ക് തള്ളിവിടുമെന്ന ആശങ്കയും ശക്തം.
ഭക്ഷ്യ സംസ്‌കരണം, മരുന്നുകൾ തുടങ്ങി എല്ലാ മേഖലയിലും പരസ്‌പരം പ്രയോജനകരമായ സ്വതന്ത്ര വ്യാപാര കരാറിനായി ചർച്ചകൾ ആരംഭിച്ചതായും സംയുക്ത പ്രസ്‌താവനയിൽ നേതാക്കൾ പറഞ്ഞു. പ്രതിരോധം, കസ്റ്റംസ്, ഹോർട്ടികൾച്ചർ, വനവൽക്കരണം, വിദ്യാഭ്യാസം, കായികം മേഖലകളില്‍ കരാറുകളിൽ ഒപ്പിട്ടു. പ്രൊഫഷണലുകളുടെയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും കൈമാറ്റവും പ്രഖ്യാപിച്ചു.
അനധികൃത കുടിയേറ്റം തടയാൻ കരാറുണ്ടാക്കും
അനധികൃത കുടിയേറ്റം തടയാൻ ഇന്ത്യയും ന്യൂസിലന്‍ഡും കരാറുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷ, പ്രതിരോധ ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇന്തോ–-പസിഫിക് മേഖലയിൽ ഇന്ത്യക്ക് നിർണായകമായ സ്ഥാനമുണ്ടെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ പറഞ്ഞു. ഈ മേഖലയുടെ സാമ്പത്തിക അഭിവൃദ്ധി ഉറപ്പാക്കുന്നതിൽ ഇന്ത്യയ്‌ക്ക് വലിയ പങ്ക് വഹിക്കാനാകും – റയ്‌സീന ഡയലോഗ്–-2025 ന്റെ ഭാഗമായുള്ള പ്രഭാഷണത്തിൽ ലക്‌സൻ പറഞ്ഞു.








0 comments