28.23 ലക്ഷം കോടിയുടെ ആസ്തിയുമായി അംബാനി കുടുംബം മുന്നില്‍
300 അതിസമ്പന്ന കുടുംബങ്ങളുടെ ആസ്തി ഇന്ത്യന്‍ ജിഡിപിയുടെ 40 ശതമാനം

കൊച്ചി
ഇന്ത്യയിലെ സമ്പന്നരായ 300 കുടുംബങ്ങളുടെ ആകെ ആസ്തി രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 40 ശതമാനം വരുമെന്ന് ഹുറൂൺ ഇന്ത്യ റിപ്പോര്‍ട്ട്. രാജ്യത്തെ അതിസമ്പന്നരുടെ പട്ടിക തയ്യാറാക്കുന്ന ഹുറൂൺ ഇന്ത്യ കമ്പനി സ്വകാര്യ ബാങ്കിങ്, നിക്ഷേപ, വായ്പ സ്ഥാപനമായ ബാർക്ലേസുമായി ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 134 ലക്ഷം കോടിയോളമാണ് ഈ കുടുംബങ്ങളുടെ ആകെ ആസ്തി. കേരളത്തില്‍നിന്ന് ആസാദ് മൂപ്പന്‍, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങിയവർ ഈ പട്ടികയിലുണ്ട്. 300 അതിസമ്പന്ന കുടുംബങ്ങള്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും 7100 കോടിയുടെ ആസ്തി ഉണ്ടാക്കി. ഓരോ വര്‍ഷവും ഇന്ത്യന്‍ അതിസമ്പന്ന കുടുംബങ്ങളുടെ ആസ്തിയില്‍ വന്‍വര്‍ധനയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള അംബാനി കുടുംബമാണ് ആസ്തിയില്‍ മുന്നില്‍. 28.23 ലക്ഷം കോടി. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ 12 ശതമാനം വരും. ഇവരുടെ ആസ്തി കഴിഞ്ഞ വര്‍ഷം പത്ത് ശതമാനമാണ് വര്‍ധിച്ചത്. ഒന്നാം തലമുറ ബിസിനസ് കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള ഗൗതം അദാനി കുടുംബത്തിന്റെ ആകെ ആസ്തിയുടെ ഇരട്ടിയാണ് അംബാനി കുടുംബത്തിനുള്ളത്. അദാനി കുടുംബത്തിന് റിപ്പോര്‍ട്ട് പ്രകാരം 14 ലക്ഷം കോടിയാണ് ആസ്തി.
അതിസമ്പന്ന കുടുംബപട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗലം ബിര്‍ളയുടെ കുടുംബമാണ്. 6.48 ലക്ഷം കോടിയോളമാണ് ആസ്തി. കഴിഞ്ഞ വര്‍ഷം ആസ്തി 20 ശതമാനം വര്‍ധിച്ചു. പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന ജിന്‍ഡാല്‍ കുടുബത്തിന്റെ ആസ്തി 21 ശതമാനം വര്‍ധിച്ച് 5.71 ലക്ഷം കോടിയായി.
ബജാജ് (5.64 ലക്ഷം കോടി), മഹീന്ദ്ര (5.43 ലക്ഷം കോടി), നാടാര്‍ (4.68 ലക്ഷം കോടി), മുരുഗപ്പ (2.92 ലക്ഷം കോടി), പ്രേംജി (2.78 ലക്ഷം കോടി), അനില്‍ അഗര്‍വാള്‍ (2.55 ലക്ഷം കോടി), ഏഷ്യന്‍ പെയിന്റ്സിന്റെ ഡാനി, ചോക്സി, വാകിൽ (2.20 ലക്ഷം കോടി) കുടുംബങ്ങളും അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയിലുണ്ട്.









0 comments