വാർഷിക വളർച്ച 3.4 ശതമാനം കുറഞ്ഞു
വ്യവസായ വളര്‍ച്ചയില്‍ വന്‍ ഇടിവ് ; 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

കൊച്ചി
രാജ്യത്തെ വ്യാവസായികോൽപ്പാദന വളർച്ച ജൂണിൽ 1.5 ശതമാനമായി താഴ്ന്നതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എൻഎസ്‌ഒ) റിപ്പോർട്ട്. പത്തുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പ്രധാനമായും ഖനന, വൈദ്യുതി മേഖലകളിലെ ഇടിവാണ് വ്യവസായവളർച്ചയ്ക്ക് തിരിച്ചടിയായത്. മേയിൽ വ്യവസായവളർച്ച 1.9 ശതമാനവും കഴിഞ്ഞവർഷം ജൂണിൽ 4.9 ശതമാനവുമായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 3.4 ശതമാനമാണ് ഇടിവ്.
കഴിഞ്ഞ ജൂണിൽ 10.3 ശതമാനം വളർച്ച രേഖപ്പെടുത്തിയ ഖനനമേഖല ഈ ജൂണിൽ 8.7 ശതമാനമായി ചുരുങ്ങി. വൈദ്യുതിമേഖല 8.6 ശതമാനത്തിൽനിന്ന് 2.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ആറ് ശതമാനം ഇടിവ്. വ്യവസായവളർച്ചയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ ഉപഭോക്തൃ ഉൽപ്പന്ന മേഖലയും ഇടിഞ്ഞു. കഴിഞ്ഞവർഷത്തെ 3.6 ശതമാനത്തിൽനിന്ന് 3.5 ശതമാനമായാണ് താഴ്ന്നത്. കഴിഞ്ഞ ജൂണിൽ 8.8 ശതമാനം വളർച്ച നേടിയ ഉപഭോക്തൃ ഉൽപ്പന്ന മേഖലയുടെ വളർച്ച ഈവർഷം 2.9 ശതമാനത്തിലേക്ക് താഴ്ന്നു.
രാജ്യത്തിന്റെ സാമ്പത്തികവളർച്ചയുടെ നെടുംതൂണായ ഉൽപ്പാദനമേഖല 0.4 ശതമാനം മാത്രമാണ് വളർന്നത്. ഉൽപ്പാദനമേഖലയുടെ വളർച്ച ഈവർഷം 3.9 ശതമാനം മാത്രമാണ്. ഭക്ഷ്യോൽപ്പന്നം, വ്യവസായ അസംസ്കൃതവസ്തു എന്നിവയുടെയടക്കം വില കുതിച്ചതിനാൽ ആളുകളുടെ വാങ്ങൽശേഷി കുറഞ്ഞതാണ് ഉൽപ്പാദനമേഖലയെ ബാധിച്ചത്.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോൽപ്പാദന (ജിഡിപി) വളർച്ചനിരക്ക് 2024–-25 സാമ്പത്തികവർഷം 2.7 ശതമാനം ഇടിഞ്ഞു. ഉൽപ്പാദനമേഖലയുടെ വാർഷികവളർച്ച മുൻവർഷത്തെ 12.3 ശതമാനത്തിൽനിന്ന് 4.5 ശതമാനത്തിലേക്ക് താഴ്ന്നു. ഉപഭോക്തൃ വിപണിയും തൊഴിൽമേഖലയും വലിയ വെല്ലുവിളിയാണ് നേരിട്ടത്. നടപ്പ് സാമ്പത്തികവർഷം (2025–26) -ഏപ്രിൽ–-ജൂൺ കാലയളവിൽ വ്യാവസായികോൽപ്പാദന വളർച്ച രണ്ടു ശതമാനംമാത്രമാണ്. കഴിഞ്ഞവർഷം ഇത് 5.4 ശതമാനമായിരുന്നു.









0 comments