യുഎസിന്റെ തീരുവ ഭീഷണിയും ചര്‍ച്ചയായി
ഒന്നിച്ച് മുന്നേറും ; ബഹുധ്രുവ ലോകത്തിനായി കൈകോര്‍ത്ത് ഇന്ത്യയും ചൈനയും

എം പ്രശാന്ത്
Published on Sep 01, 2025, 02:19 AM | 3 min read
ന്യൂഡൽഹി
അധികതീരുവ ചുമത്തി അമേരിക്ക അസ്ഥിരത വിതയ്‌ക്കുമ്പോൾ ബഹുധ്രുവ ലോകത്തിന്റെ സൃഷ്‌ടിക്ക് അനിവാര്യ സഹകരണത്തിന് കൈകൊടുത്ത് ഇന്ത്യയും ചൈനയും. 21–ാം നൂറ്റാണ്ടിന്റെ പ്രവണതകൾക്ക് അനുയോജ്യമാംവിധം കൂടുതൽ സഹകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങും ധാരണയായി. ലോകവ്യാപാരത്തെ സുസ്ഥിരമാക്കുന്നതിൽ ഇരു സമ്പദ്‌വ്യവസ്ഥകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. സാമ്പത്തിക–വ്യാപാര ബന്ധങ്ങളെ പുതിയ തലത്തിലേക്ക് ഉയർത്തണം. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലമാക്കണം. വ്യാപാരകമ്മി കുറയ്‌ക്കണം. ഇരുരാജ്യത്തിന്റെയും തന്ത്രപര പങ്കാളിത്തത്തെ മൂന്നാം രാജ്യത്തിന്റെ കണ്ണിലൂടെ നോക്കിക്കാണേണ്ടതില്ല– എന്നിവയിലാണ് ധാരണ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെല്ലുവിളികൾ പരോക്ഷമായി തള്ളിക്കൊണ്ടുള്ള ശക്തമായ നിലപാടാണ് ചൈനയിലെ തിയാൻജിനിൽ ഷാങ്‌ഹായ് സഹകരണ സംഘടന ഉച്ചകോടിക്കിടെ മോദി–ഷി ചർച്ചയിൽ ഉണ്ടായത്. 2026ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ഷി ജിൻപിങിനെ മോദി ക്ഷണിച്ചു.
അതിർത്തിതർക്കത്തെ ചൊല്ലിയുള്ള അസ്വാരസ്യം അവസാനിപ്പിച്ച് സമഗ്ര ഉഭയകക്ഷി ബന്ധത്തിലേക്ക് നീങ്ങാനും ധാരണയായി. ഇരുരാജ്യത്തെയും 280 കോടി ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തി സഹകരിക്കും. വികസനപങ്കാളികളാണെന്നും ശത്രുക്കളല്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളാകരുതെന്നും ഇരുവരും നിലപാടെടുത്തു. പരസ്‌പരവിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്‌ഠിതമായ സുസ്ഥിരബന്ധവും സഹകരണവും ഇരുരാജ്യങ്ങളുടെയും വളർച്ചയ്‌ക്കും വികാസത്തിനും അനിവാര്യമാണ്. ജനങ്ങളിലും ഇഴയടുപ്പമുണ്ടാകണം. നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചും വിസാസൗകര്യങ്ങൾ ഏർപ്പെടുത്തിയും ജനങ്ങൾ തമ്മിലുള്ള ബന്ധവും വിപുലമാക്കണമെന്നതിലും ധാരണയായി.
ഭീകരതയ്‌ക്കെതിരെ പൊതു നിലപാട്
ഭീകരവാദം, വിവിധ തലങ്ങളിലുള്ള സുതാര്യ വ്യാപാരം തുടങ്ങി ഉഭയകക്ഷി തലത്തിലും മേഖലാ–ആഗോള തലത്തിലും ഉയരുന്ന വെല്ലുവിളി നേരിടാൻ പൊതുനിലപാട് വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇരുരാജ്യങ്ങളും സഹകരിക്കുന്നത് മാനവരാശിയുടെ ക്ഷേമത്തിന് വഴിയൊരുക്കും. അതിർത്തിയിൽ സമാധാനസ്ഥിതി തുടരണം.
മൊത്തത്തിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ രാഷ്‌ട്രീയപ്രാധാന്യവും ഇരുരാജ്യത്തെയും ജനങ്ങളുടെ ദീർഘകാല താൽപ്പര്യങ്ങളും പരിഗണിച്ച് അതിർത്തി വിഷയത്തിൽ സുതാര്യവും നീതിയുക്തവും പരസ്‌പരം അംഗീകരിക്കാവുന്നതുമായ പരിഹാരത്തിന് ശ്രമിക്കുമെന്ന പ്രതിജ്‌ഞാബദ്ധതയും ഇരുനേതാക്കളും പ്രകടമാക്കി.
ചൈനീസ് കമ്യൂണിസ്റ്റ് പാർടി പൊളിറ്റ്‌ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെയ് ക്വിയുമായും മോദി കൂടിക്കാഴ്‌ച നടത്തി.
യുഎസിന്റെ തീരുവ ഭീഷണിയും ചര്‍ച്ചയായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും തമ്മിലുള്ള സംഭാഷണത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങൾക്ക് നേരെയുയർത്തുന്ന തീരുവ ഭീഷണിയും വിഷയമായി. അന്താരാഷ്ട്ര വ്യാപാരത്തിൽ വരുന്ന മാറ്റങ്ങളും അധിക തീരുവ ഉയർത്തുന്ന വെല്ലുവിളികളും വിലയിരുത്തി. ഇന്ത്യയുടെയും ചൈനയുടെയും ഉഭയകക്ഷി ബന്ധത്തെ മൂന്നാമതൊരു രാജ്യത്തിന്റെ കണ്ണിലൂടെ നോക്കികാണേണ്ടതില്ലെന്ന നിലപാട് അമേരിക്കയെ കൂടി ലക്ഷ്യമിട്ടുള്ളതാണ്. ബഹുധ്രുവ ലോകത്തിനായി നിലകൊള്ളുമെന്ന പ്രഖ്യാപനവും അമേരിക്കയെ അലോസരപ്പെടുത്തും.
അമേരിക്ക പ്രഖ്യാപിച്ച 50 ശതമാനം പ്രതികാര തീരുവയുടെ പശ്ചാത്തലത്തിൽ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം വിപുലപ്പെടുന്നത് ഇന്ത്യക്ക് നേട്ടമാകും. രാസവളം, അപൂർവ്വ ധാതുക്കൾ, ടണൽ തുരയ്‌ക്കൽ യന്ത്രങ്ങൾ എന്നിവയുടെ കയറ്റുമതിക്ക് ചൈന അടുത്തയിടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് ആഭ്യന്തരമായി ഇത് പ്രതിസന്ധി സൃഷ്ടിച്ചു. എന്നാൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടതോടെ രാസവളത്തിനും മറ്റും ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാമെന്ന ഉറപ്പ് ചൈന നൽകിയിട്ടുണ്ട്.
മോദി– ഷി ഉഭയകക്ഷി ചർച്ചയ്‌ക്കുശേഷം വിദേശമന്ത്രാലയം പ്രത്യേകം വാർത്താസമ്മേളനം വിളിച്ചാണ് ഇന്ത്യ–ചൈന ബന്ധത്തിലുണ്ടായ പുരോഗതി വിശദീകരിച്ചത്. മോദിക്ക് അത്താഴവിരുന്ന് ഒരുക്കാൻ ചൈന അധികൃതർ ഒരുക്കമായിരുന്നുവെന്നും എന്നാൽ സമയപ്രശ്‌നം തടസ്സമായെന്നും വിദേശമന്ത്രാലയം അറിയിച്ചു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പിന്തുണ തേടി ചൈനീസ് കമ്യൂണിസ്റ്റ് പാർടി പൊളിറ്റ്‌ബ്യൂറോയിലെ സ്‌റ്റാൻഡിങ് കമ്മിറ്റി അംഗം കെയ് ക്വിയുമായും മോദി കൂടിക്കാഴ്‌ച നടത്തി. മോദിയും ഷിയും എത്തിചേരുന്ന ധാരണപ്രകാരം ബന്ധം വിപുലമാക്കാനാണ് ചൈന താൽപ്പര്യപ്പെടുന്നതെന്ന് കെയ് ക്വി വ്യക്തമാക്കി.
ഷിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026ലെ ബ്രിക്‌സ് ഉച്ചകോടിയിലേക്ക് ചൈന പ്രസിഡന്റ് ഷി ജിൻപിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. എസ്‌സിഒ ഉച്ചകോടിക്കിടെ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് നന്ദി അറിയിച്ച ഷി ഇന്ത്യയുടെ അധ്യക്ഷതയിൽ ചേരുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് എല്ലാ പിന്തുണയും അറിയിച്ചു.
ചൈനയുടെ അധ്യക്ഷതയിലുള്ള എസ്‌സിഒ ഉച്ചകോടിക്ക് എല്ലാ പിന്തുണയും മോദിയും ഉറപ്പുനൽകി. ഇൗ വർഷം ഇന്ത്യയിൽ ചേരുന്ന ക്വാഡ് ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തിയേക്കില്ലെന്ന വാർത്തകൾക്കിടെയാണ് മോദി ഷീയെ ക്ഷണിച്ചത്.
ചൈനയുടെ പ്രസിഡന്റായശേഷം മൂന്നുവട്ടം ഷി ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 2014 സെപ്‌തംബറിൽ ഒൗദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം ഡൽഹിയും അഹമ്മദാബാദും സന്ദർശിച്ചു. 2016 ഒക്‌ടോബറിൽ ബ്രിക്‌സ് ഉച്ചകോടിക്കെത്തി. 2019 നവംബറിൽ വീണ്ടും ഉച്ചകോടിക്കായി ഷി ഇന്ത്യയിലെത്തി.









0 comments