‘ഡ്രാഗൺ – എലിഫെന്റ് ടാങ്കോ’ ; ചൈനാ ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ

ന്യൂഡൽഹി
വർഷങ്ങൾ നീണ്ട അതിർത്തി തർക്കങ്ങൾ, നയതന്ത്ര–-വ്യാപാര സംഘർഷങ്ങൾ എന്നിവയിൽ അയവുവരുത്തി ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ. സമീപകാല ചര്‍ച്ചകളും ഇളവുകളും ഇരുരാജ്യവും തമ്മിലുള്ള മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കുന്നു. ചൈനീസ് ടൂറിസ്റ്റ് വിസ അഞ്ചുവര്‍ഷത്തിനുശേഷം ഇന്ത്യ പുനഃസ്ഥാപിച്ചതില്‍ നിലപാട് മാറ്റം പ്രതിഫലിക്കുന്നു. അമേരിക്കയുമായി വ്യാപാര ചർച്ചകൾ എങ്ങുമെത്താതും ട്രംപിന്റെ പ്രകോപന പ്രസ്താവനകളും ഇന്ത്യയുടെ നിലപാട് മാറ്റത്തിന് ഉത്തേജകമായി.
കഴിഞ്ഞ വര്‍ഷം ജൂലൈയിൽ, ഇന്ത്യയിൽ നിന്നുള്ള ഉരുക്കിനും അലൂമിനിയത്തിനും അമേരിക്ക ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ചത് ചൈനയോട് കൂടുതല്‍ അടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചു. ആഗസ്‌തിൽ ചൈനയുമായി ഇലക്‌ട്രോണിക്, സോളാർ മേഖലയില്‍ നിയന്ത്രിത വ്യാപാരം ആരംഭിച്ചു. ഒക്‌ടോബറിൽ കിഴക്കൻ ലഡാക്കിൽ ഇരുരാജ്യങ്ങളും പട്രോളിങ് പുനഃരാരംഭിക്കാന്‍ കരാറിലെത്തി. ജനുവരിയിൽ വിദേശകാര്യ സെക്രട്ടറി ചൈന സന്ദര്‍ശിച്ചു.
ജൂലൈയിൽ ഇന്ത്യയിൽനിന്ന് ഷാങ്‌ഹായിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കമായി. പിന്നാലെ ചൈനീസ് ടൂറിസ്റ്റുകൾക്ക് വിസ നൽകുന്നതും പുനഃരാരംഭിച്ചു. കൈലാസ്–മാനസസരോവർ യാത്ര വീണ്ടും ആരംഭിച്ചു. ഇന്ത്യന്‍ വിദ്യാർഥികൾക്കും തീർഥാടകർക്കും ചൈനയിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചു. ഷവോമി ഉൾപ്പെടെയുള്ള ചൈനീസ് ടെക് സ്ഥാപനങ്ങൾക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഇന്ത്യ ലഘൂകരിച്ചു. ചൈനയിൽ 15ന് നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ പങ്കെടുത്തു.
‘ഡ്രാഗൺ –-എലിഫെന്റ് ടാങ്കോ’
ചൈനയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം ഇന്ത്യ ചൈന ബന്ധത്തെ ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ് വിശേഷിപ്പിച്ചത് ‘ഡ്രാഗൺ –-എലിഫെന്റ് ടാങ്കോ’ എന്നാണ്. ഇരു രാജ്യങ്ങളും പരസ്പര വിശ്വാസം വളർത്തണമെന്നും സഹകരണം തുടരണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. അമേരിക്കയുടെ ഇടപെടലുകളില്ലാത്ത പുതിയ ലോകക്രമം സൃഷ്ടിക്കാൻ ഇന്ത്യ–-ചൈന ബന്ധം മുതൽകൂട്ടാകുമെന്നാണ് കൂടിക്കാഴ്‌ചയെ കുറിച്ച് ചൈനീസ് ദേശീയമാധ്യമമായ ഗ്ലോബൽ ടൈംസ് കുറിച്ചത്.









0 comments