‘മൈ ഫ്രണ്ടി’ന്റെ കൊലച്ചതി
ആശ്വാസം പുതുസൗഹൃദം

എം പ്രശാന്ത്
Published on Sep 02, 2025, 03:22 AM | 1 min read
ന്യൂഡൽഹി
അമേരിക്ക ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച 50 ശതമാനം പ്രതികാരച്ചുങ്കത്തിന്റെ വെല്ലുവിളി മറികടക്കാൻ ചൈനയുമായുള്ള പുതുസൗഹൃദം ഇന്ത്യക്ക് തുണയാകും. ‘മൈ ഫ്രണ്ടി’ന്റെ കൊലച്ചതിയിൽ പകച്ചുപോയ മോദി സർക്കാരിന് ചൈന നീട്ടിയ സഹായഹസ്‌തം വലിയ ആശ്വാസമാവും. യുഎസ് തീരുവ സമ്പദ്‌വ്യവസ്ഥയിൽ സൃഷ്‌ടിച്ചേക്കാവുന്ന പ്രഹരത്തെ ചൈനയുമായുള്ള വ്യാപാര–നയതന്ത്ര ബന്ധങ്ങൾ പുനരാരംഭിക്കുക വഴി ഒരുപരിധിവരെ മറികടക്കാൻ ഇന്ത്യക്കാവും. രാജ്യം നിലവിൽ അഭിമുഖീകരിക്കുന്ന രാസവള പ്രതിസന്ധിക്കും അപൂർവധാതുക്ഷാമത്തിനും പരിഹാരമാകും.
2020ലെ ഗൽവാൻ സംഘർഷത്തിനുശേഷം ഉഭയകക്ഷി ചർച്ചകളിലൂടെയും മറ്റും പ്രശ്‌നപരിഹാരത്തിന് മുൻകയൈടുക്കുന്നതിനു പകരം ചൈനയോട് ശത്രുതാപരമായ സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചത്. ചൈനയിൽനിന്നുള്ള നിക്ഷേപങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. നേരിട്ടുള്ള വിമാന സർവീസും ചൈനക്കാർക്കുള്ള ടൂറിസ്റ്റ് വിസയും നിർത്തലാക്കി. മൂന്നുമാസം മുമ്പ് ഗുജറാത്തിലെ ഗാന്ധിനഗറിൽ നടത്തിയ പ്രസംഗത്തിൽപോലും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഗണേശവിഗ്രഹങ്ങളെ ‘ചെറിയ’ കണ്ണുള്ളവയെന്ന് മോദി പരിഹസിച്ചു.
ട്രംപ് നൂറുക്കണക്കിന് ഇന്ത്യക്കാരെ അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി കൈകാലുകളിൽ ചങ്ങലയിട്ട് നാടുകടത്തിയിട്ടും മോദി മൗനംപാലിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം പകരം തീരുവ ട്രംപ് ആദ്യം പ്രഖ്യാപിച്ചപ്പോഴും മോദി ഉഭയകക്ഷി വ്യാപാര കരാറിനുള്ള ചർച്ചകളുമായി മുന്നോട്ടുനീങ്ങി. എന്നാൽ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നു എന്നാരോപിച്ച് 25 ശതമാനം അധികതീരുവകൂടി ട്രംപ് പ്രഖ്യാപിച്ചതോടെ കേന്ദ്രം പരിഭ്രാന്തിയിലായി. പ്രഹരം ചെറുക്കുന്നതിനുള്ള മുന്നൊരുക്കം നടത്തിയില്ല.
ചൈനയാകട്ടെ ഇറക്കുമതി തീരുവ ആയുധമാക്കിയുള്ള ട്രംപിന്റെ രാഷ്‌ട്രീയനീക്കത്തെ തുടക്കംമുതൽ എതിർത്തു. ജൂണിൽ എസ്‌സിഒ രക്ഷാസമിതി യോഗത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ ചൈന സന്ദർശിച്ച ഘട്ടത്തിൽ ഇത് ചർച്ചയായി. തുടർന്ന് ചൈനീസ് വിദേശമന്ത്രി വാങ് യി ഇന്ത്യയിലെത്തി സഹകരണത്തിന് അടിത്തറ പാകി. ഇപ്പോഴത്തെ എസ്‌സിഒ ഉച്ചകോടിയോടെ ഇന്ത്യ–ചൈന സഹകരണം പുതിയ തലത്തിലേക്ക് കടക്കുകയാണ്.









0 comments