ബഹുധ്രുവ ലോകത്തിനായുള്ള ഇന്ത്യ-ചൈന സഹകരണം സ്വാഗതം ചെയ്യപ്പെടേണ്ടത്: എം എ ബേബി

എം എ ബേബി
ന്യൂഡൽഹി: അമേരിക്കൻ നിയന്ത്രണത്തിലുള്ള ഏകധ്രുവ ലോകത്തിൽനിന്നും ബഹുധ്രുവ ലോകമായി മാറുന്നതിന് ഇന്ത്യയും ചൈനയും മുൻകൈ എടുക്കുമ്പോൾ അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ സഹകരിച്ച് പോകുക എന്ന് പറഞ്ഞാൽ അത് ലോകത്തിന്റെ ഭാവിക്ക് മുതൽക്കൂട്ടാകും. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രസിഡന്റ് ഷി ജിൻപിങ്ങും സ്വീകരിച്ചത് ഇരുരാജ്യങ്ങൾക്കും പ്രയോജനപ്രദമാകുന്ന സമീപനമാണെന്നും എം എ ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.
സാമ്രാജ്യത്വത്തിനെതിരായി പോരാടേണ്ടതിന്റെ ഓർമകൾ ഇന്ത്യയുടെ മുന്നിലുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം അസ്തമിച്ചപ്പോൾ ആ സ്ഥാനത്ത് ഇപ്പോൾ അമേരിക്കയാണുള്ളത്. അമേരിക്കൻ സാമ്രാജ്യത്വം അതിന്റെ തനിസ്വരൂപം കാണിച്ചുകൊണ്ട് യൂറോപ്യൻ കൂട്ടാളികൾക്കെതിരായി വരെ തോന്നുംപടി ചുങ്കയുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചുങ്കയുദ്ധത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രവർത്തനമാണെന്നും എം എ ബേബി പറഞ്ഞു.









0 comments