മിഗ് 21 ഇനി ചരിത്രം; അവസാനിക്കുന്നത് ആറ് പതിറ്റാണ്ടിന്റെ സേവനം

ന്യൂഡൽഹി: ആറ് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം മിഗ്–21 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയോട് വിടപറഞ്ഞു. ഡീകമീഷനിങ് ചടങ്ങുകൾ ചണ്ഡിഗഡ് വ്യോമതാവളത്തിൽ ആരംഭിച്ചു. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥി. തദ്ദേശീയമായി നിർമിച്ച പുതുതലമുറ തേജസ് വിമാനങ്ങൾ മിഗ് 21നു പകരമായി ഉപയോഗിക്കാനാണു തീരുമാനം.
പാകിസ്ഥാന് എതിരായ യുദ്ധങ്ങളിൽ ഇന്ത്യയുടെ പ്രധാന ശക്തിയായിരുന്നു മിഗ്. കാർഗിൽ യുദ്ധത്തിലും ബലാക്കോട്ട് വ്യോമാക്രമണത്തിലും മിഗ് ഇന്ത്യയുടെ കുന്തമുനയായി. അപകടങ്ങളുടെ കാര്യത്തിലും മിഗ് ഏറെ മുന്നിലായിരുന്നു. മിഗ്–21 ഉൾപ്പെട്ട 400ലധികം അപകടമുണ്ടായെന്നാണ് കണക്ക്. 200ഓളം പൈലറ്റുമാർ മരിച്ചു.
1963ലാണ് ഇന്ത്യൻ വ്യോമസേനയിൽ മിഗ്-21 വിമാനങ്ങൾ ഉൾപ്പെടുത്തുന്നത്. 1965 ലെ യുദ്ധ പ്രവർത്തനങ്ങളിൽ ഈ ഐക്കണിക് യുദ്ധവിമാനം പങ്കെടുത്തു. 1971 ലെ യുദ്ധത്തിൽ മിഗ്-21 പൂർണ്ണമായും വിന്യസിക്കപ്പെട്ടു. തേജ് ഗാവോണിലും കുർമിറ്റോള വ്യോമതാവളത്തിലും ബോംബിങ് നടത്താൻ വിമാനങ്ങൾ ഉപയോഗിച്ചു.
സോവിയേറ്റ് യൂണിയനിലെ മിക്കോയാൻ-ഗുരെവിച്ച് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത സൂപ്പർസോണിക് ജെറ്റ് യുദ്ധ വിമാനവും ഇന്റർസെപ്റ്റർ വിമാനവുമാണ് മിഗ് 21. നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ മിഗ് -21 പറത്തിയിട്ടുണ്ട്. വ്യോമയാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ട സൂപ്പർസോണിക് ജെറ്റ് വിമാനമാണിത്.
ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ ബാലാകോട്ട്, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സൈനിക പ്രവർത്തനങ്ങളിൽ വിർണായക പങ്കുവഹിച്ചു. ഇന്ത്യൻ വ്യോമസേനയിൽ എണ്ണത്തിലും ശക്തിയിലും സേവനകാലത്തിലും ഏറ്റവും ഉയർന്ന വിമാനം മിഗ് 21 തന്നെ.









0 comments