ജമ്മു കശ്മീരിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 41 ആയി

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്രയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 41 ആയി. വൈഷ്ണോ ദേവി മണ്ണിടിച്ചിലിൽ 34 പേർ മരിച്ചു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ചൊവ്വാഴ്ച രാവിലെ മുതൽ 24 മണിക്കൂറിനുള്ളിൽ ഉദംപൂരിൽ 629.4 മില്ലിമീറ്ററും ജമ്മുവിൽ 380 മില്ലിമീറ്ററും മഴ പെയ്തു. നദികളിലെ ജലനിരപ്പ് രാവിലെയോടെ കുറഞ്ഞു തുടങ്ങിയെങ്കിലും ഝലം നദിയിൽ അപകടനിലയ്ക്ക് മുകളിലായിരുന്നു ജലനിരപ്പ്.
വൈഷ്‌ണോ ദേവി മണ്ണിടിച്ചിൽ നടന്ന പ്രദേശത്തെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷാപ്രവർത്തകർ കൂടുതൽ മൃതദേഹങ്ങൾ പുറത്തെടുത്തു. മരിച്ചവരിൽ 24 പേരെ തിരിച്ചറിഞ്ഞതായും അതിൽ 14 പേർ സ്ത്രീകളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ നിരവധി പ്രധാന പാലങ്ങൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടങ്ങളുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. അഖ്‌നൂർ സെക്ടറിൽ അരുവി കരകവിഞ്ഞൊഴുകി. ശക്തമായ ഒഴുക്കിൽ ഒരു ജവാൻ ഒഴുക്കിൽപ്പെട്ടു. മൃതദേഹം പിന്നീട് കണ്ടെടുത്തു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് ജമ്മു കശ്മീരിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാഴാഴ്ച അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂ അറിയിച്ചു. ജമ്മു, കത്ര സ്റ്റേഷനുകളിലേക്കും തിരിച്ചുമുള്ള 58 ട്രെയിനുകൾ റദ്ദാക്കാൻ നോർത്തേൺ റെയിൽവേ ഉത്തരവിട്ടു. അതേസമയം ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ 64 ട്രെയിനുകൾ താൽക്കാലികമായി നിർത്തിവയ്ച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം മൂലമുണ്ടായ തുടർച്ചയായ മഴ ഒഡിഷയുടെ തീരദേശ ജനജീവിതം സ്തംഭിപ്പിച്ചു. തെക്ക് പടിഞ്ഞാറൻ മൺസൂണിൽ കർണാടകയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്യുകയും തെലങ്കാനയുടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് ഹിമാലയൻ നദികൾ കരകവിഞ്ഞതോടെ പഞ്ചാബിലെ നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. ട്രെയിൻ സർവീസുകൾ റദ്ദാക്കി. സ്കൂളുകൾ അടച്ചു. ദേശീയ തലസ്ഥാനത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസമാണിത്. സാധാരണ മഴയേക്കാൾ 60 ശതമാനം കൂടുതലാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഹിമാചൽ പ്രദേശിൽ, ഒന്നിലധികം മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തു. മഴയിൽ റോഡുകൾ തകർന്നതോടെ ആയിരക്കണക്കിന് മണിമഹേഷ് തീർഥാടകർ ചമ്പയിൽ കുടുങ്ങി. ഇതുവരെ 3,269 തീർഥാടകരെ ദേശീയ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. 10 ജില്ലകളിലായി 584 റോഡുകൾ അടച്ചു.









0 comments