അശ്ലീല പരാമർശം; രൺവീർ അല്ലാബാദിയയും അപൂർവ മുഖിജയും ദേശീയ വനിതാ കമീഷനോട് മാപ്പ് പറഞ്ഞു

ന്യുഡൽഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയിൽ വച്ച് നടത്തിയ അശ്ലീല പരാമർശങ്ങൾക്ക് യൂട്യൂബർമാരായ രൺവീർ അല്ലാബാദിയയും അപൂർവ മുഖിജയും ദേശീയ വനിതാ കമീഷനോട് മാപ്പ് പറഞ്ഞു. ക്ഷമാപണം രേഖാമൂലം സമർപ്പിച്ചതായി വനിതാ കമീഷൻ പാനൽ ചെയർപേഴ്‌സൺ വിജയ രഹത്കർ അറിയിച്ചു. അനുചിതമായ ഭാഷ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രൺവീർ അല്ലാബാദിയ, അപൂർവ മുഖിജ, നിർമ്മാതാക്കളായ സൗരഭ് ബോത്ര, തുഷാർ പൂജാരി എന്നിവർ ദേശീയ വനിതാ കമീഷന് മുന്നിൽ ഇന്നലെ ഹാജരായിരുന്നു.
അശ്ലീല പരാമർശത്തെ തുടർന്ന് പോഡ്കാസ്റ്റർ രൺവീർ അല്ലാബാദിയയുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തിരുന്നു. രൺവീറിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലായി കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. അങ്ങേയറ്റം അശ്ലീലം നിറഞ്ഞ പരാമർശമാണ് രണവീർ നടത്തിയതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ എന്തും സംസാരിക്കാൻ ആർക്കും അവകാശം ഇല്ലെന്നും സുപ്രീംകോടതി രൺവീറിനെ വിമർശിച്ചിരുന്നു. അതേസമയം, ഉപാധികളോടെ ദി രൺവീർ ഷോ' തുടരാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നൽകി.
‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉയർന്നത്. ഷോ’യിലെ വിധികർത്താക്കളിലൊരാളായിരുന്നു രൺവീർ. കൊമേഡിയൻ സമയ് റെയ്നയാണ് പരിപാടി അവതരിപ്പിക്കുന്നത്. ‘ഇനിയുള്ള കാലം നിങ്ങൾ മാതാപിതാക്കൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ദിവസേന നോക്കി നിൽക്കുമോ അതോ അവർക്കൊപ്പം ചേർന്ന് എന്നേക്കുമായി ഇത് അവസാനിപ്പിക്കുമോ’ എന്നാണ് മത്സരാർഥിയോട് രൺവീർ ചോദിച്ചത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് രൺവീറിനെതിരെ ഉയർന്നത്.
നിരവധി പേർ രൺവീറിനെ വിമർശിച്ച് രംഗത്തെത്തി. മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും വിഷയത്തിൽ രൺവീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാപ്പു പറഞ്ഞുകൊണ്ട് രൺവീർ വീഡിയോ പോസ്റ്റ് ചെയ്തെങ്കിലും നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.








0 comments