ബ്രാഹ്മണ യുവാവിന്റെ കാലുകഴുകിച്ച് വെള്ളം കുടിപ്പിച്ച സംഭവം; ദേശസുരക്ഷാ നിയമം ചുമത്തണമെന്ന് ഹൈക്കോടതി

ഭോപ്പാൽ: പിന്നാക്ക വിഭാഗക്കാരനായ യുവാവിനെക്കൊണ്ട് ബ്രാഹ്മണ യുവാവിന്റെ കാലുകഴുകിച്ച് വെള്ളം കുടിപ്പിച്ച സംഭവത്തിൽ ദേശസുരക്ഷാ നിയമം ചുമത്തി കേസെടുക്കാൻ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ്. ജാതി അതിക്രമത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കോടതി സ്വമേധയാ എടുത്തകേസിലാണ് നടപടി.
കടുത്ത ജാതി വിവേചനവും മനുഷ്യന്റെ അന്തസ്സിനു നേരെയുള്ള ഗുരുതരമായ ആക്രമണവുമാണ് സംഭവമെന്ന് ചീഫ്ജസ്റ്റിസ് അതുൽ ശ്രീധരന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജാതി അതിക്രമങ്ങള്‍ മധ്യപ്രദേശിൽ തുടര്‍ക്കഥയാവുകയാണ്. സവര്‍ണ വിഭാഗത്തിലുള്ളയാള്‍ ആദിവാസിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവവും കോടതി ചൂണ്ടിക്കാട്ടി. ദമോഹ പൊലീസ് നിലവിൽ ചുമത്തിയ വകുപ്പുകള്‍ പര്യാപ്തമല്ല. വീഡിയോയിൽ കാണുന്നവര്‍ക്കെതിരെയെല്ലാം ദേശസുരക്ഷാനിയമപ്രകാരം കേസെടുക്കണം. ബിഎൻഎസിലെ മറ്റ് കര്‍ശന വകുപ്പുകള്‍ കൂടി ചുമത്തണം.
ഡിജിപി, ആഭ്യന്തരസെക്രട്ടറി, കളക്ടര്‍, എസ്പി എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.സമൂഹമാധ്യമ പോസ്റ്റിലൂടെ ബ്രാഹ്മണ സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ച് ദമോഹയിലെ സതാരിയ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം പുരുഷോത്തം കുശ്‍വാഹ എന്ന യുവാവിനെതിരെ ജാതി അതിക്രമം നടന്നത്. ബ്രാഹ്മണര്‍ സമീപത്തെ ശിവ ക്ഷേത്രത്തിൽ വിളിച്ചുവരുത്തിയാണ് "ശിക്ഷി'ച്ചത്. ബ്രാഹ്മണയുവാവ് അഞ്ജു പാണ്ഡെയുടെ കാല് കഴുകിച്ച് വെള്ളം കുടിപ്പിച്ച് 5100 രൂപ പിഴയും അടപ്പിക്കുകയായിരുന്നു.









0 comments