ഫരീദാബാദിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടി

പ്രതീകാത്മകചിത്രം
ഫരീദാബാദ് : ഹരിയാനയിലെ ഫരീദാബാദിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടി. ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ തനു കുമാറാണ് ക്രൂരമായി കൊല്ലപ്പെട്ടത്. യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളാണ് ഇവരെ കൊലപ്പെടുത്തി കുഴിച്ചിട്ടത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം.
രണ്ട് വർഷം മുമ്പാണ് റോഷൻ നഗർ ഏരിയയിൽ താമസിക്കുന്ന അരുൺ സിങ്ങും തന്നുവുമായുള്ള വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരിൽ തനുവിനെ അരുണിന്റെ കുടുംബം നിരന്തരമായി ഉപദ്രവിച്ചിരുന്നതായി തനുവിന്റെ ബന്ധുക്കൾ പറഞ്ഞു. തുടർന്ന് തനുവിനെ കൊലപ്പെടുത്തി മൃതദേഹം മറവ് ചെയ്യുകയായിരുന്നു. ശേഷം തനുവിനെ കാണാനില്ലെന്നും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നുവെന്നും കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
ഇവരുടെ വീട്ടിലെത്തിയ തനുവിന്റെ പിതാവിന് വീട്ടുമുറ്റത്തു കണ്ട കുഴിയെപ്പറ്റി സംശയം തോന്നി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ സംശയം ഉന്നയിച്ചിട്ടും പൊലീസ് തന്റെ പരാതി കേൾക്കാൻ വിസമ്മതിച്ചതായും തനുവിന്റെ പിതാവ് ഹക്കീം ആരോപിച്ചു. തുടർന്ന് ഹക്കിം അരുണിന്റെ അച്ഛൻ മെയിൻപുരി സ്വദേശിയായ ഭൂപ് സിംഗ്, ഭാര്യ സോണിയ, മകൾ കാജൽ എന്നിവർക്കെതിരെ പല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തനുവിനെ കാണാതായ വിവരം അറിഞ്ഞയുടൻ അരുണിന്റെ വീട്ടിലെത്തിയ ഹക്കിം കുഴി കണ്ട് സംശയം തോന്നി ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. സ്ത്രീധനത്തിന്റെ പേരിൽ തന്റെ മകളെ ഭർതൃവീട്ടുകാർ ഉപദ്രവിച്ചിരുന്നതായും വിവാഹശേഷം ഒരു വർഷത്തോളം തനുവിന് സ്വന്തം വീട്ടിൽ താമസിക്കേണ്ടി വന്നതായും ഹക്കിം ആരോപിച്ചു. പഞ്ചായത്തിന്റെ ഇടപെടലിനെത്തുടർന്ന് തനു ഫരീദാബാദിലേക്ക് മടങ്ങിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും മകളെ അരുണും കുടുംബവും കൊലപ്പെടുത്തുകയായിരുന്നുവെന്നും ഹക്കിം പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണ് തഹസിൽദാറിന്റെ സാന്നിധ്യത്തിൽ ഇവരുടെ വീടിന് മുന്നിലെ കുഴി തുറന്ന് പരിശോധിച്ചത്. കുഴിയിൽ നിന്ന് തനുവിന്റെ മൃതദേഹം പുറത്തെടുത്തു. തുടർന്നാണ് അരുണിനെയും അച്ഛനെയും കസ്റ്റഡിയിലെടുത്തത്. ഏപ്രിൽ 23 ന് അരുൺ സിങ്ങും അച്ഛനും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീടിന് മുന്നിലുള്ള സ്ഥലത്ത് 10 അടി ആഴമുള്ള കുഴി കുഴിച്ചതായി പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം, തനുവിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. തനു മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും ഇവർ സ്റ്റേഷനിൽ പറഞ്ഞിരുന്നു.
മറ്റ് കുടുംബാംഗങ്ങൾക്കായി തെരച്ചിൽ നടത്തുകയാണെന്നും ഫരീദാബാദ് പൊലീസ് പറഞ്ഞു. തനുവിന്റെ മൃതദേഹം ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.









0 comments