അനധികൃത ഖനനക്കേസ്: ബിജെപി നേതാവ് ജി ജനാര്‍ദ്ധൻ റെഡ്ഡിക്ക് 7 വര്‍ഷം തടവ്

ഹൈദരാബാദ് : ഖനി അഴിമതിക്കേസിൽ ബിജെപി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ ജി ജനാര്‍ദ്ധൻ റെഡ്ഡിക്ക് ഏഴുവര്‍ഷം തടവുശിക്ഷ വിധിച്ച് ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതി. പതിനാലു വര്‍ഷത്തോളം നീണ്ട വിചാരണയ്ക്കൊടുവിലാണ് ജനാര്‍ദ്ധൻ റെഡ്ഡിയെയും ബന്ധു ബി വി ശ്രീനിവാസ റെഡ്ഡി, പിഎ മെഹ്‍ഫാസ് അലി ഖാന്‍, ആന്ധ്ര മുന്‍ ഖനനവകുപ്പ് ഡയറക്ടര്‍ വി ഡി രാജഗോപാൽ എന്നിവരെയും ശിക്ഷിച്ചത്. പതിനായിരം രൂപവീതം പിഴയും അടയ്ക്കണം. ആന്ധ്ര ഖനനമന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയടക്കമുള്ളവരെ വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ടതോടെ റെഡ്ഡി എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാകും.
ജനാര്‍ദ്ധൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഒബുലാപുരം മൈനിങ് കമ്പനി ( ഒഎംസി) അവിഭക്ത ആന്ധ്രയിലെ അനന്തപുര്‍ ജില്ലയിൽ 2007നും 2009നും ഇടയിൽ നടത്തിയ അനധികൃത ഇരുമ്പയിര് ഖനനത്തിലൂടെ ഖജനാവിന് 884.13 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. കോൺഗ്രസ് നേതാവ് വൈഎസ് രാജശേഖരറെഡ്ഡി മുഖ്യമന്ത്രിയായിരിക്കെ ജനാര്‍ദ്ധൻ റെഡ്ഡിയുടെ കമ്പനിക്ക് ഖനനത്തിന് വഴിവിട്ട സഹായം ലഭിച്ചതായി സിബിഐ കണ്ടെത്തി. അനുവദിച്ചതിലും കൂടുതൽ പ്രദേശത്ത് (കര്‍ണാടക സംരക്ഷിത വനമേഖലയിലടക്കം) ഖനനം നടത്തി. 2009ലാണ് ഒമ്പത് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 2011 സെപ്തംബര്‍ 5ന് അറസ്റ്റിലായ റെഡ്ഡിക്ക് 2015 ജനുവരിയിലാണ് ജാമ്യംകിട്ടിയത്. 2008ൽ യെദ്യൂരപ്പ സര്‍ക്കാരിൽ ടൂറിസം മന്ത്രിയായിരുന്നു. 2022ൽ കല്യാണ രാജ്യ പ്രഗതി പക്ഷ പാര്‍ടി രൂപീകരിച്ചെങ്കിലും കഴിഞ്ഞവര്‍ഷം മാര്‍ച്ചിൽ ബിജെപിയിൽ തിരിച്ചെത്തി.









0 comments