'എന്റെ പാട്ടുകൾ അനുമതിയില്ലാതെ കൂടുതൽ ചിത്രങ്ങളിൽ ഉപയോ​ഗിച്ചു': മദ്രാസ് ഹൈക്കോടതിയിൽ ഇളയരാജ

ilayaraja
വെബ് ഡെസ്ക്

Published on Oct 23, 2025, 11:23 AM | 1 min read

ചെന്നൈ: തന്റെ രണ്ട് പാട്ടുകൾ കൂടി പുതിയ തമിഴ് സിനിമയിൽ അനുമതിയില്ലാതെ ഉപയോഗിച്ചിട്ടുണ്ടെന്ന് ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. സോണി മ്യൂസിക് എന്റർടൈൻമെന്റ് ഉൾപ്പെടെ മൂന്ന് സംഗീത കമ്പനികൾ തന്റെ ഗാനങ്ങൾ 'അനധികൃതമായി' ഉപയോഗിച്ചു എന്നാണ് ഇളയരാജയുടെ വാദം. ഇത് സംബന്ധിച്ച ഹർജി ബുധനാഴ്ച ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പരി​ഗണിക്കുമ്പോഴായിരുന്നു ഇളയരാജയുടെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. ഈ വിഷയത്തിൽ പ്രത്യേക ഹർജി ഫയൽ ചെയ്യാൻ ജഡ്ജി ഇളയരാജയോട് നിർദ്ദേശിച്ചു.


പ്രദീപ് രംഗനാഥൻ അഭിനയിച്ച പുതിയ തമിഴ് ഹിറ്റ് ചിത്രം 'ഡ്യൂഡ്'ൽ ഇളയാരജയുടെ രണ്ട് ​ഗാനങ്ങൾ ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു ഹർജി. ഇളയരാജയുടെ പാട്ടുകളിൽ നിന്നുള്ള വരുമാനം സോണി മ്യൂസിക് സീൽ ചെയ്ത കവറിൽ സമർപ്പിച്ചു. പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന കമ്പനിയുടെ ഹർജിയിൽ സുപ്രീം കോടതി ഇളയരാജയുടെ പ്രതികരണം തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു കേസ് സുപ്രീംകോടതിയിൽ പരിഗണനയിലായതിനാൽ ജഡ്ജി സീൽ ചെയ്ത കവർ സ്വീകരിച്ചില്ല. കേസിന്റെ അടുത്ത വാദം കേൾക്കൽ കോടതി നവംബർ 19 ലേക്ക് മാറ്റി.


പ്രദീപ് രംഗനാഥൻ നായകനായ ചിത്രത്തിനായി കംപോസ് ചെയ്ത കറുത്ത മച്ചാൻ എന്ന പാട്ട് ഉപയോഗിച്ചതിനെതിരെയാണ് ഇളയരാജ കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇളയരാജയുടെ പാട്ടിന് മമിത ബൈജു ഡാൻസ് കളിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കീർത്തിശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ മദ്രാസ് ഹൈക്കോടതി ജഡ്ജി എൻ സെന്തിൽ കുമാർ ഇളയരാജയ്ക്ക് അനുമതി നൽകി.


തന്റെ പാട്ടുകൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിനെതിരെയുള്ള ഇളയരാജയുടെ നിയമപോരാട്ടം തുടർക്കഥയാവുകയാണ്. നേരത്തെ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിൽ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെയും അദ്ദേഹം കേസ് നൽകിയിരുന്നു. തുടർന്ന് വലിയൊരു തുക നഷ്ടപരിഹാരമായി നിർമാതാക്കൾക്ക് നൽകേണ്ടി വന്നിരുന്നു.


അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയ്‌ക്കെതിരേയും ഇളയരാജ കോടതിയെ സമീപിച്ചിരുന്നു. മൈത്രി മൂവീസ് തന്നെയായിരുന്നു ഈ സിനിമയുടെ നിർമാണം. ഇളയരാജ നൽകിയ കേസിന് പിന്നാലെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്‌ളിക്‌സിൽ നിന്നും പിൻവലിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home