ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടി; ഇടുക്കി സ്വദേശി കർണാടക പൊലീസിന്റെ പിടിയിൽ

ഇടുക്കി: ഓൺലൈനിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ ഇടുക്കി സ്വദേശിയായ 22 കാരനെ കർണാടക പൊലീസ് പിടികൂടി. രാജാക്കാട് മുക്കുടിൽ സ്വദേശി തൈപറമ്പിൽ അദ്വൈതിനെയാണ് കർണാടക സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
കർണാടകയിലെ ഗാഥായി സൈബർ പൊലീസ് ആണ് ഇടുക്കിയിലെത്തി അദ്വൈതിനെ അറസ്റ്റ് ചെയ്തത്. ഇടുക്കി ഉടുമ്പൻചോല പൊലീസിന്റെ സഹായത്തോടെ മുക്കുടിലിലെ വീട്ടിൽ നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഗാഥായി സ്റ്റേഷൻ പരിധിയിൽ മാത്രം 20 ലക്ഷത്തിന്റെ തട്ടിപ്പ് അദ്വൈത് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
വിവിധ ഓൺലൈൻ സേവനങ്ങളും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തായിരുന്നു ലക്ഷങ്ങൾ തട്ടിയെടുത്തത്. കർണാടകയിലെ വിവിധ സ്റ്റേഷനുകളിൽ സമാനമായ പരാതികൾ ഉണ്ട്. അദ്വൈതിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കർണാടകയിലെ വിവിധ മേഖലകളിൽ ഉള്ള ആളുകളെ കേന്ദ്രീകരിച്ചു തട്ടിപ്പ് നടത്തുകയായിരുന്നു. പണം നിക്ഷേപിച്ച് ഇരട്ടിയാക്കൽ, വിദേശത്ത് ജോലി, സോഷ്യൽ മീഡിയിലൂടെ ബിസിനസ് പ്രൊമോഷൻ, വെബ്സൈറ്റ് നിർമ്മാണം തുടങ്ങി നിരവധി വാഗ്ദാനങ്ങൾ നടത്തിയാണ് ഇയാളും കൂട്ടാളികളും തട്ടിപ്പ് നടത്തിയത്.
കർണാടകയിൽ പഠിക്കുന്ന വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൌണ്ടുകൾ തുടങ്ങി, ഇതിലൂടെയായിരുന്നു പണം സ്വീകരിച്ചിരുന്നത്. അദ്വൈതിന്റെ നേതൃത്വത്തിൽ വൻ സംഘം പ്രവർത്തിച്ചിരുന്നതയാണ് സൂചന. വാഹന കച്ചവടം ആണെന്നാണ് നാട്ടിൽ ഇയാൾ പറഞ്ഞിരുന്നത്.









0 comments