സംസ്കാര ചടങ്ങിൽ പാക് സെെനികരും
കൊല്ലപ്പെട്ടത് മസൂദ് അസറിന്റെ ബന്ധുക്കളുൾപ്പെടെ അഞ്ച് കൊടുംഭീകരർ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ അഞ്ച് കൊടുംഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മെയ് ഏഴിന് പുലർച്ചെയാണ് പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും ഒൻപത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യയുടെ കര–വ്യോമസേനകൾ ചേർന്ന് ആക്രമിച്ചത്. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ച് കൊടുംഭീകരർ ഉണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നിരോധിത ഭീകരസംഘടനകളായ ലഷ്‌കർ ഇ തോയ്‌ബയിലും ജയ്‌ഷെ മുഹമ്മദിലും പ്രവർത്തിക്കുന്ന ഭീകരരാണ് കൊല്ലപ്പെട്ടവർ. ലഷ്‌കർ ഇ തോയ്‌ബയിലെ മുദസ്സർ ഖാദിയൻ ഖാസ്, ഖാലിദ് അലിയാസ് അബു അകാഷ, മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരും ജയ്ഷെ മുഹമ്മദിലെ ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യുസഫ് അസർ എന്നിവരുമാണ് കൊല്ലപ്പെട്ട ഭീകരർ. ഇതിൽ ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യുസഫ് അസർ എന്നിവർ മസൂദ് അസറിന്റെ ബന്ധുക്കളാണ്.
ആക്രമണം നടന്ന ഒൻപത് സ്ഥലങ്ങളിൽ ഒന്നായ മുരിദ്കെയിലെ മർകസ് തായ്ബ, മുദസ്സർ ഖാദിയൻ ഖാസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പാകിസ്ഥാൻ സെെനിക മേധാവി അസിം മുനീർ, പാക് പഞ്ചാബിലെ മുഖ്യമന്ത്രി മറിയം നവാസ് എന്നിവർ മുദസ്സർ ഖാദിയൻ ഖാസിന്റെ മൃതദേഹത്തിൽ റീത്ത് വച്ചിരുന്നു. ചടങ്ങുകൾ പാകിസ്ഥാനിലെ ഒരു സ്കൂളിൽ വച്ച് കൊടുംഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിലാണ് നടന്നതെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ട ഹാഫിസ് മുഹമ്മദ് ജമീൽ ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്റെ മുതിർന്ന സഹോദരിയുടെ ഭർത്താവാണ്. ബഹാവൽപുരിലെ തീവ്രവാദ ക്യാമ്പിലായിരുന്നു ഹാഫിസ് മുഹമ്മദ് ജമീൽ ഉണ്ടായിരുന്നത്. ക്യാമ്പിലെ ചുമതലക്കാരനും ഹാഫിസായിരുന്നു. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ജെയ്ഷെ മുഹമ്മദിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതും സംഘടനയ്ക്ക് വേണ്ട പണം കണ്ടെത്തുന്നതും ഹാഫിസാണ്.
ഐസി 814 വിമാനം റാഞ്ചലിന് പിന്നിൽ പ്രവർത്തിച്ച ഭീകരനാണ് മസൂദ് അസറിന്റെ സഹോദരിയുടെ ഭർത്താവ് കൂടിയായ മുഹമ്മദ് യുസഫ്. ജമ്മു കശ്മീരിൽ നടന്ന പല ഭീകരാക്രമണ സംഭവങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചയാൾ കൂടിയാണ് മുഹമ്മദ് യുസഫ്.
ഖാലിദ് അലിയാസ് അബു അകാഷ, മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് കൊടുംഭീകരർ. ഖാലിദിന്റെ ശവസംസ്കാര ചടങ്ങുകളിലും പാകിസ്ഥാനിലെ പൊലീസ്, സേന വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു.
പാക് അധീന കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറായ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകനാണ് മുഹമ്മദ് ഹസ്സൻ ഖാൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ പ്രധാന പങ്ക് വഹിച്ചയാളാണ് ഹസ്സൻ എന്നും റിപ്പോർട്ടുകളുണ്ട്.









0 comments