മണ്ണ് സംരക്ഷണ നയങ്ങൾ രൂപീകരിക്കണം

കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ മണ്ണിന്റെ ഫലഭൂയിഷ്ഠതയെയും തളർത്തുന്നു. ഐസി എആർ പഠനം

soil degradation
വെബ് ഡെസ്ക്

Published on Nov 10, 2025, 11:45 AM | 2 min read

ന്യൂഡൽഹി: രാജ്യത്തെ കൃഷിഭൂമികളിലെ മണ്ണിലെ ഓർഗാനിക് കാർബൺ (Soil Organic Carbon – SOC) അളവിൽ വേഗത്തിലുള്ള ഇടിവ് സംഭവിക്കുന്നതായി മുന്നറിയിപ്പ്.  ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ശാസ്ത്രജ്ഞർ നടത്തിയ വിശദമായ പഠനത്തിലാണ് കണ്ടെത്തൽ. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം രാസവളങ്ങളുടെ അശാസ്ത്രീയ ഉപയോഗവും ഇതിനുള്ള പ്രധാന കാരണങ്ങളാണെന്ന് പഠനം പറയുന്നു.


രാജ്യത്തെ ഭൂപ്രദേശങ്ങൾക്ക് അനുസരിച്ചും കൃഷി രീതികൾക്ക് അനുസരിച്ചും കാർബണിക തൻമാത്രകളുടെ അളവിൽ വ്യത്യാസം വരുന്നുണ്ട്. SOC വിതരണത്തിൽ വിവിധ സംസ്ഥാനങ്ങൾക്കിടയിലും അഗ്രോ-ഇക്കോളജിക്കൽ മേഖലകളിലും വ്യത്യാസങ്ങൾ രേഖപ്പെടുത്തി. SOC 0.01% മുതൽ 5.25% വരെ വ്യത്യാസപ്പെട്ടതായി ഗവേഷണത്തിൽ കണ്ടെത്തി.  0.64 ± 0.42% എന്നതാണ് ശരാശരി വ്യത്യാസം.


ഐസിഎആർ ഡയറക്ടർ ജനറൽ മംഗി ലാൽ ജാട്ട് ഉൾപ്പെടെ എട്ട് ശാസ്ത്രജ്ഞർ ചേർന്നാണ് ആറു വർഷം നീണ്ട പഠനം പൂർത്തീകരിച്ചത്. ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസ് ആണ് പ്രധാനമായും പഠനത്തിന് നേതൃത്വം വഹിച്ചത്. ഗവേഷണഫലങ്ങൾ ഇംഗ്ലണ്ടിലെ അന്താരാഷ്ട്ര ശാസ്ത്രീയ ജേർണൽ ‘Land Degradation & Developmentൽ പ്രസിദ്ധപ്പെടുത്തി.


sos


 29 സംസ്ഥാനങ്ങളിലായി 620 ജില്ലകളിൽ നിന്നുള്ള 2,54,236 മണ്ണ് സാമ്പിളുകളാണ് വിശകലനം ചെയ്തത്.


പഠന വിശകലനങ്ങൾ പ്രകാരം “ഉയരം കൂടുന്നിടത്ത് മണ്ണിലെ ഓർഗാനിക് കാർബൺ കൂടുതലാണ്. മലനിരകളിൽ നിന്ന് താഴ്ന്നപ്രദേശങ്ങളിലേക്ക് നീങ്ങുമ്പോൾ കാർബൺ ഉള്ളടക്കം കുറയുന്നു. ഉയർന്ന താപനിലയുള്ള സംസ്ഥാനങ്ങൾ — ഉദാഹരണത്തിന് രാജസ്ഥാൻ, തെലങ്കാന — കാർബൺ അളവ് കുറവായവയാണ്.”


പ്രദേശങ്ങൾക്ക് അനുസരിച്ച് മാത്രമല്ല വ്യത്യാസം. നെല്ല്-പയർ വിളകൾ മാറിമാറി കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ SOC കൂടുതലായും,ഗോതമ്പ്, ധാന്യ വിളകൾ ആവർത്തിക്കുന്ന സ്ഥലങ്ങളിൽ കുറവായും കണ്ടെത്തി.


“നെല്ല് കൃഷിയിൽ വെള്ളം കൂടുതൽ ഉപയോഗിക്കുന്നതിനാൽ സൂക്ഷ്മജീവികളുടെ പ്രവർത്തനം കൂടുന്നു. അതുവഴി മണ്ണിൽ കാർബൺ ശേഖരണം (sequestration) കൂടുതൽ ഫലപ്രദമാകുന്നു,” എന്ന് ഗവേഷണ റിപ്പോർട് പറയുന്നു.


രാസവളങ്ങളുടെ പങ്ക്


രാസവളങ്ങളുടെ അശാസ്ത്രീയ ഉപയോഗം കാർബൺ കുറയ്ക്കുന്നു. ഹരിയാന, പഞ്ചാബ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ യൂറിയയും ഫോസ്ഫറസും അടങ്ങിയ അസംതുലിതമായ വളപ്രയോഗം മണ്ണിലെ കാർബൺ അളവ് കുറച്ചതായി കണ്ടെത്തി. എന്നാൽ ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ, വളപ്രയോഗം സമതുലിതമായിരുന്നു എന്ന് കണ്ടെത്തി. ഇവിടെ SOC നില മെച്ചമായിരുന്നു.


കാലാവസ്ഥാ വ്യതിയാനം


“താപനില ഉയർന്നാൽ മണ്ണിലെ ഓർഗാനിക് കാർബൺ നില കുറയുന്നു.  അതുവഴി കാർബൺ ക്രെഡിറ്റിനും മണ്ണിലെ ചൂട് പ്രതിഫലനത്തിനും ശേഷിക്കുറവ് വരുന്നു . ഇത് ഹരിതഗൃഹ വാതകങ്ങളുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമാണെന്ന് ഗവേഷണം പറയുന്നു.


sos 2


നിർദ്ദേശങ്ങൾ മുൻകരുതൽ


മണ്ണിൽ കാർബൺ അളവ് 0.25%ൽ താഴെയായ പ്രദേശങ്ങളിൽ, സർക്കാർ ഓർഗാനിക് കാർബൺ ശേഖരണം പ്രോത്സാഹിപ്പിക്കണമെന്ന് പഠനം പറയുന്നു. കാർബൺ ക്രെഡിറ്റ് സംവിധാനം എർപ്പെടുത്തണം. മണ്ണിൽ കൂടുതൽ കാർബൺ സംഭരിക്കുന്ന കർഷകർക്ക് പ്രോത്സാഹനം നൽകണം.


കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമായ വിളമുറ മാനേജ്മെന്റ് മാർഗങ്ങൾ വികസിപ്പിക്കണം. ഇതിന് കർഷകരെ പ്രോത്സാഹിപ്പിക്കണം. സസ്യാവരണം വർധിപ്പിക്കലും ആവശ്യമാണ്.


മണ്ണ് സംരക്ഷണ നയങ്ങൾ രൂപീകരിക്കണം. കാർഷിക മണ്ണ് ആരോഗ്യ നിരീക്ഷണത്തിനും,കാർബൺ ക്രെഡിറ്റ് വിലയിരുത്തലിനും, സുസ്ഥിര കാർഷിക ഉൽപാദനത്തിനും പ്രാധാന്യം നൽകണം.


 മണ്ണിൽ കാർബൺ നില സംരക്ഷിക്കുന്നത്, ഭക്ഷ്യസുരക്ഷയ്ക്കും കാലാവസ്ഥാ മാറ്റ പ്രതിരോധത്തിനും പ്രധാനമാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

 

 

 

 

 



deshabhimani section

Related News

View More
0 comments
Sort by

Home