' ജമ്മു കശ്മീരിനെയും എന്നെയും തരംതാഴ്ത്തി': പ്രധാനമന്ത്രിയെ വേദിയിലിരുത്തി ഒമർ അബ്ദുള്ള

ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നത് സംബന്ധിച്ച വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലിരിക്കെ ഉന്നയിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയിയായിരുന്ന തന്നെ കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രിയായി തരംതാഴ്ത്തിയതായും ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകണമെന്നും ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.
ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് തുടക്കം കുറിച്ച് കത്രയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഒമർ അബ്ദുള്ളയുടെ പരാമർശം. മനോജ് സിൻഹയെ സഹമന്ത്രിയിൽ നിന്ന് ഗവർണറായി സ്ഥാനക്കയറ്റം നൽകിയപ്പോൾ തന്നെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേന്ദ്രഭരണ പ്രദേശത്തേക്ക് തരംതാഴ്ത്തിയതായി ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി. എന്നിരുന്നാലും കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ തന്നെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിൽ ചെനാബ് പാലം, അഞ്ജി പാലം, ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) എന്നിവ ഉദ്ഘാടനം ചെയ്തു. കശ്മീരിലേക്കുള്ള ആദ്യ വന്ദേ ഭാരത് എക്സ്പ്രസും ഫ്ലാഗ് ഓഫ് ചെയ്തു. 46,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് ജമ്മു കശ്മീരിൽ തുടക്കം കുറിച്ചത്.









0 comments