സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

ബാഗ്പത്: സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ കൊന്ന് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. വെള്ളിയാഴ്ചയാണ് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിൽ മോണിക്ക എന്ന സ്ത്രീ മരിച്ചിരുന്നു. പൊലീസ് അന്വേഷണത്തിൽ മോനിക്കയാണ് വഴിയരികിൽ നിന്ന് കിട്ടിയ കുഞ്ഞിന്റെ 'അമ്മ എന്ന് തിരിച്ചറിയുകയായിരുന്നു.
തുടർന്ന് മോണിക്കയുടെ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് മർദ്ദനമേറ്റാണ് മോണിക്ക മരിച്ചത് എന്ന് മനസിലായത്. വയറ്റിനേറ്റ ആഘാതമാണ് മരണകാരണം. സ്ത്രീധനത്തിന്റെ പേരിൽ മോണിക്കയുടെ ഭർത്താവായ അശോകും സഹോദരനും ചേർന്ന് മോനിക്കയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് മോണിക്കയുടെ ബന്ധുക്കൾ ആരോപിച്ചു.
മോണിക്കയുടെ സംകാരച്ചടങ്ങിനു വീട്ടിലെത്തിയ ബന്ധുക്കളെ അശോകും സഹോദരനും ചേർന്ന് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. മോണിക്കയുടെ കുടുംബത്തിന്റെ പരാതിയിന്മേൽ പൊലീസ് അശോകിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.









0 comments