കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം: ഗായകൻ സോനു നിഗത്തിനെതിരെ എഫ്ഐആർ

photo credit: Sonu Nigam Facebook
ബംഗളൂരൂ : കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഗായകൻ സോനു നിഗത്തിനെതിരെ എഫ്ഐആർ. ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നഗരത്തിൽ അടുത്തിടെ നടന്ന സംഗീതപരിപാടിക്കിടെയാണ് ഗായകൻ കർണാടക സ്വദേശികളെ അപമാനിച്ചതായി പരാതി ഉയർന്നത്.
കർണാടക രക്ഷണ വേദിക് എന്ന തീവ്ര കന്നട സംഘടനയാണ് പരാതി നൽകിയത്. ഗായകൻ അടുത്തിടെ കർണാടകത്തിൽ സംഗീത പരിപാടി നടത്തിയിരുന്നു. ഇതിനിടെ കന്നഡ ഗാനങ്ങൾ തുടർച്ചയായി പാടാൻ കാണികൾ ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു നടന്റെ പരാമർശമെന്നാണ് പരാതി. കന്നഡ, കന്നഡ എന്നുതന്നെയാണ് പറയുന്നത്. ഇങ്ങനെയുള്ള പെരുമാറ്റം കൊണ്ടാണ് പഹൽഗാം ഭീകരാക്രമണം ഉണ്ടായത് എന്ന് സോനു നിഗം പറഞ്ഞതായാണ് പരാതി. സോനു നിഗം നടത്തിയ പരാമർശങ്ങൾ കന്നഡ സമൂഹത്തിന്റെ വികാരങ്ങളെ വല്ലാതെ വ്രണപ്പെടുത്തി എന്നും കർണാടകയിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ സോനു നിഗത്തിനോട് കന്നഡ ഗാനം പാടാൻ ആവശ്യപ്പെടുന്നത് പരുഷമായാണെന്നും ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് കാണികൾ ഗായകനോട് സംസാരിച്ചതെന്നും വിമർശനമുയരുന്നുണ്ട്. ബിഎൻഎസ് സെക്ഷൻ 351(2), 352(1), 353 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ.









0 comments