ഗഗൻയാനിലെ ആദ്യസഞ്ചാരിയാകാൻ 'വ്യോമമിത്ര'; ഹ്യൂമനോയ്ഡ് റോബോട്ടിനെ വികസിപ്പിച്ച് ഐഎസ്ആർഒ

ബംഗളുരു: ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകാൻ ഇന്ത്യൻ നിർമിത റോബോട്ട്. ഐഎസ്ആർഒയുടെ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് വികസിപ്പിച്ച 'വ്യോമമിത്ര' എന്ന ഹ്യൂമനോയ്ഡ് റോബോട്ടാണ് ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കുന്ന ആദ്യ ആളില്ല പേടകത്തിൽ സഞ്ചരിക്കാനൊരുങ്ങുന്നത്. 2025 ഡിസംബറിലായിരിക്കും ഗഗൻയാൻ ജി 1 പേടകത്തിന്റെ വിക്ഷേപം. ഫ്ലൈറ്റ് അനലിസ്റ്റ് എന്ന ചുമതലയും കൂടെ നൽകിയാണ് മനുഷ്യന് പകരം റോബോട്ടിനെ അയക്കുന്നത്.
ഗഗൻയാൻ ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്ന ഐഎസ്ആർഒയുടെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലാണ് 'വ്യോമമിത്ര'യുള്ളത്. പേടകത്തിൽ റോബോട്ടിനെ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത റോബോട്ടിന് മനുഷ്യനെപ്പോലെ തലയും ഉടലും കൈകളുമെങ്കിലും കാലുകൾ നൽകിയിട്ടില്ല. ഹിന്ദിയിലും ഇംഗ്ലീഷിലും ആശയവിനിമയം ചെയ്യാൻ സാധിക്കുന്ന റോബോട്ടിന് ക്രൂ മോഡ്യൂളിനുള്ളിലെ ഡിസ്‌പ്ലെകളും കമാന്റുകളും വായിക്കാനും ദൗത്യത്തിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനും കഴിയും.
ഭൂമിയിലുള്ള മിഷൻ കൺട്രോളുമായി ആശയവിനിമയം നടത്താനും മൈക്രോ ഗ്രാവിറ്റി പരീക്ഷണങ്ങൾ നടത്താനും റോബോട്ടിന് പ്രോഗ്രാം ചെയ്തിട്ടുണ്ട്. മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുൻപ്, ഗഗൻയാനിലെ ലൈഫ് സപ്പോർട്ട്, സുരക്ഷാ സംവിധാനങ്ങൾ എന്നിവ പരീക്ഷിക്കാനാണ് വ്യോമമിത്രയെ ദൗത്യത്തിന് മുൻപ് അയക്കുന്നത്.









0 comments