ജമ്മു കശ്മീരിൽ 3 ഭീകരരുടെ വീടുകൾ കൂടി തകർത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന മൂന്ന് ഭീകരരുടെ കൂടി വീടുകൾ തകർത്തു. ഇതോടെ ആകെ അഞ്ച് പേരുടെ വീടുകൾ തകർക്കപ്പെട്ടു. ഇവരിൽ ലഷ്‍കർ ഇ ത്വയ്ബ കമാർഡറുടെ വീടും ഉൾപ്പെടുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രിയോടെയാണ് ഇവരുടെ വീടുകൾ തകർത്തത്.
അനന്ത്നാഗിലെ ബിജ്‍ബെഹറ ബ്ലോക്കിലെ ആദിൽ ഹുസൈൻ തോക്കറിന്റെയും പുൽവാമ ത്രാലിലെ ആസിഫ് ഷെയ്‌ഖിന്റെയും വീടുകളാണ് സ്‌ഫോടനത്തിലൂടെ വ്യാഴാഴ്‌ച രാത്രി തകർത്തത്. പഹൽഗാം ആക്രമണത്തിൽ സുരക്ഷാസേന തേടുന്ന കശ്‍മീരികളായ രണ്ട് ലഷ്‍കർ ഭീകരരുടെ വീടുകളാണിത്. ഇവിടെ സുരക്ഷാസേന നേരത്തെ പരിശോധന നടത്തിയിരുന്നു. പാക് പരിശീലനം ലഭിച്ച തോക്കർ കഴിഞ്ഞവർഷമാണ് സ്വദേശത്ത് തിരിച്ചെത്തിയത്. ഭീകരരെ ഇയാൾ സഹായിച്ചെന്ന് പൊലീസ് പറയുന്നു.
സോഫിയൻ, കുൽഗാം, പുൽവാമ പ്രദേശങ്ങളിലാണ് വെള്ളി രാത്രി തിരച്ചിൽ നടത്തി ഭീകരരുടെ വീടുകൾ തകർത്തത്. ഛോട്ടിപോര വില്ലേജിൽ ലഷ്കർ കമാൻഡറായ ഷാഹിദ് അഹമ്മദ് കുട്ടെയുടെ വീടാണ് തകർത്തതെന്നാണ് വിവരം. കുൽഗാമിൽ സാഹിദ് അഹമ്മദിന്റെയും പുൽവാമയിലെ മുറാൻ ഏരിയയിൽ അഹ്സാൻ ഉൾ ഹഖിന്റെയും വീടുകൾ തകർത്തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ചയാണ് മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന പഹൽഗാമിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. വിനോദസഞ്ചാരികളടക്കം 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധുനദീജല കരാറടക്കം റദ്ദാക്കുകയും ഇന്ത്യയിലുള്ള പാക് പൗരൻമാർ രാജ്യം വിട്ട് പോകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പീർപഞ്ചാൽ വന മേഖലയിലാണ് സംയുക്ത സേന തിരച്ചിൽ നടത്തുന്നത്. ഭീകരരുടെ വിവരം കൈമാറുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കശ്മീരിലെ ബന്ദിപ്പോരയിലും കഴിഞ്ഞ ദിവസം സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. ഒരു ഭീകരനും രണ്ട് സുരക്ഷാ സേനാംഗത്തിനും പരിക്കേറ്റു.









0 comments