മേഘാലയ കൊലപാതകം: കുറ്റപത്രത്തിൽ‌ പിഴവുകളെന്ന് മുഖ്യപ്രതി സോനം; ജാമ്യാപേക്ഷ നൽകി

meghalaya honeymoon couple missing
വെബ് ഡെസ്ക്

Published on Sep 15, 2025, 11:49 AM | 2 min read

ന്യൂഡൽഹി : മേഘാലയയിൽ ഹണിമൂണിനെത്തിയ ഇൻഡോർ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ ജാമ്യാപേക്ഷ നൽകി മുഖ്യപ്രതി സോനം. ഇൻഡോർ സ്വദേശിയായ രാജ രഘുവംശി കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സോനം ജാമ്യാപേക്ഷ നൽകിയത്. സൊഹ്‌റ സബ് ഡിവിഷനിലെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഹർജി ബുധനാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചയാണ് ഹർജി സമർപ്പിച്ചതെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തുഷാർ ചന്ദ്ര പറഞ്ഞു. കേസ് രേഖകൾ പരിശോധിക്കാൻ പ്രോസിക്യൂഷൻ സമയം തേടി. കുറ്റപത്രത്തിൽ പിഴവുകൾ ഉണ്ടെന്ന് സോനത്തിന്റെ അഭിഭാഷകൻ അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് 790 പേജുള്ള കുറ്റപത്രം മേഘാലയ പൊലീസ് സമർപ്പിച്ചത്.


സോനം രഘുവംശി, സുഹൃത്ത് രാജ് കുശ്വാഹ, വാടകക്കൊലയാളികളായ ആനന്ദ് സിംഗ് കുർമി, ആകാശ് രജ്പുത്, വിശാൽ സിംഗ് ചൗഹാൻ എന്നിവർക്കെതിരെയാണ് കുറ്റപത്രം. സോനത്തിന് സഹായം ചെയ്ത പേരിൽ വസ്തുക്കച്ചവടക്കാരനായ സിലോം ജെയിംസ്, സെക്യൂരിറ്റി ജീവനക്കാരനായ ബൽവീർ അഹിർവാർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. ജൂൺ ആദ്യമാണ് കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. അഞ്ച് പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.


മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ (ചിറാപുഞ്ചി) ഹണിമൂണിനായി എത്തിയ രാജ രഘുവംശിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മെയ് 23 നാണ് ഇരുവരെയും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 2നാണ് രാജയുടെ മൃതദേഹം സൊഹ്‌റയിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള മലയിടുക്കിൽ നിന്ന് കണ്ടെത്തിയത്.


വാടക കൊലയാളികളുടെ സഹായത്തോടെയാണ് രാജയെ ഭാര്യ സോനം കൊലപ്പെടുത്തിത്. രാജ് കുശ്വാഹ എന്നയാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഭർത്താവ് രാജിന്റെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. സോനവും രാജ് കുശ്വാഹയും ഏർപ്പെടുത്തിയ മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് വാടകക്കൊലയാളികളാണ് രഘുവംശിയെ കൊലപ്പെടുത്തിയത്. രാജിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തെ കണ്ടെത്താനായിരുന്നില്ല. യുവതിക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിരുന്നു. ‌സോനം ഗാസിപൂരിൽ നിന്ന് കുടുംബത്തെ വിളിച്ചപ്പോഴാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്.


മേഘാലയയിലെത്തി നോൻഗ്രിയാറ്റ് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ദമ്പതികളെ കാണാതായത്. ഇവിടെ നിന്ന് 20 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുകയാണ് രാജ രഘുവംശിയും കുടുംബവും. മെയ് 11 നാണ് ഇവർ വിവാഹിതരായത്. തുടർന്ന് മെയ് 20 ന് മേഘാലയയിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു.


കൊലപാതകം നടത്താൻ ആദ്യം രാജ് കുശ്വാഹയും വാടകക്കൊലയാളികളും വിസമ്മതിച്ചെന്നും പിന്നീട് 15 ലക്ഷം ഓഫർ ചെയ്താണ് സോനം കൃത്യം നടത്തിയതെന്നും വിവരമുണ്ട്. സോനം തന്നെയാണ് ഇവർക്ക് മേഘാലയയിലേക്കുള്ള ടിക്കറ്റുകൾ ബുക് ചെയ്ത് നൽകിയതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. സോനമാണ് മേഘാലയയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തതെന്നും വിവരമുണ്ട്. രാജയെ കൊല്ലാൻ സോനം മുമ്പും ശ്രമിച്ചിരുന്നതായി ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയിരുന്നു. നാലാമത്തെ ശ്രമത്തിലാണ് രാജ രഘുവംശി കൊല്ലപ്പെട്ടത്. ഗുവാഹത്തിയിൽ വച്ചായിരുന്നു ആദ്യശ്രമം. തുടർന്ന് മേഘാലയയിലെ സൊഹ്‌റയിൽ വച്ച് മറ്റ് രണ്ട് ശ്രമങ്ങൾ കൂടി നടത്തി. ഇവയെല്ലാം പരാജയപ്പെട്ടതിനെത്തുടർന്ന് വീസാവോങ് വെള്ളച്ചാട്ടത്തിൽ വെച്ച് നാലാമത്തെ ശ്രമത്തിൽ കൊലപ്പെടുത്തുകയായിരുന്നു. രാജയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മലയിടുക്കിൽ തള്ളുകയായിരുന്നു. ഇൻഡോറിൽ വച്ചുതന്നെ രാജയെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home