പതിനാല് വയസുകാരന്റെ ലൈംഗിക ആക്രമണം ചെറുക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ചണ്ഡീഗഡ്: പതിനാല് വയസ്സുള്ള ആൺകുട്ടിയുടെ ലൈംഗിക ആക്രമണ ശ്രമം ചെറുക്കുന്നതിനിടെ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായ 40 വയസ്സുകാരി മരിച്ചു. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ചികിത്സയിലായിരുന്നു. അഞ്ച് ദിവസത്തിന് ശേഷമാണ് മരണം.
പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. നവംബർ 3 ന് ഹാമിർപൂരിന് അടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്, സ്ത്രീ അടുത്തുള്ള ഒരു വയലിൽ പുല്ല് വെട്ടുകയായിരുന്നു. ഇതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടി അവരെ ബലമായി കീഴ്പ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.
ചെറുത്തു നിന്നപ്പോൾ വടിയും അവരുടെ തന്നെ അരിവാളും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. രക്തസ്രാവമുണ്ടായി വയലിൽ ബോധമറ്റ് കിടക്കുന്നത് കണ്ടെത്തി ഗ്രാമവാസികളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അവർ പോലീസിനെ അറിയിച്ചു. ചികിത്സയ്ക്കായി ആദ്യം ഹാമിർപൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഗുരുതരാവസ്ഥ പരിഗണിച്ച് അവിടെ നിന്ന് ചണ്ഡീഗഡിലെ പിജിഐയിലേക്ക് മാറ്റി. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് തകർന്ന പേനയുടെയും ഒരു സ്കെയിലിന്റെയും കഷണങ്ങൾ കണ്ടെത്തിയതാണ് പ്രതിയിലേക്ക് എത്തിച്ചത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.









0 comments