7616 എന്ന് ചെക്കിൽ എഴുതിയപ്പോൾ 'സാവൻ തേഴ്സ്ഡേ ഹരേന്ദ്ര' ആയി; ഹിമാചൽ പ്രിൻസിപ്പലിന് ട്രോൾ മഴ

ഷിംല: ഹിമാചൽ പ്രദേശിലെ ഒരു സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ ഒപ്പിട്ട ചെക്ക് ഇപ്പോൾ വൈറലായിരിക്കുകയാണ്. അതിലെ ഗുരുതരമായ അക്ഷരത്തെറ്റുകൾ കാരണമാണെന്ന് മാത്രം. നൽകിയ ചെക്ക് ബാങ്ക് നിരസിച്ചു എന്ന് മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങുകയാണ് പ്രിൻസിപ്പൽ. സെപ്തംബർ 25 എന്ന തീയതി വെച്ച ചെക്ക് ഉച്ചഭക്ഷണ തൊഴിലാളിക്കായി നൽകിയതാണ്.
അത്തർ സിംഗ് എന്ന വ്യക്തിയുടെ പേരിൽ 7,616 രൂപയ്ക്കാണ് ചെക്ക് ഒപ്പിട്ടത്. ചെക്ക് എഴുതിയ വ്യക്തി സംഖ്യ അക്ഷരത്തിൽ എഴുതിയതിലാണ് പിശകുകൾ സംഭവിച്ചത്. 'Seven' എന്നതിന് പകരം 'saven' എന്നാണ് എഴുതിയത്. തുടർന്ന് 'thousand' എന്നതിന് പകരം 'Thursday' എന്നും എഴുതി. 'Six' എന്ന് ശരിയായി എഴുതിയപ്പോൾ, 'hundred' എന്നതിന് പകരം 'harendra' എന്നാണ് എഴുതിയത്. അവസാനമായി, 'sixteen' എന്നെഴുതുന്നതിന് പകരം 'sixty' എന്നും എഴുതി.
സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ് ചെക്ക് എഴുതിയത് എന്നതിനെ കുറിച്ച് വ്യക്തതയില്ലെങ്കിലും, ഒപ്പിടുന്നതിന് മുമ്പ് അക്ഷരത്തെറ്റുകൾ പരിശോധിക്കാത്തതിനെക്കുറിച്ച് ആളുകൾ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഹിമാചൽ പ്രദേശിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉത്തരവാദിത്തത്തിന്റെയും ഗുണനിലവാരത്തിന്റെയും അടിയന്തിര ആവശ്യകതയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണിത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
"പേനയുടെ ഓട്ടോ കറക്റ്റ് സിസ്റ്റത്തിന് സംഭവിച്ച തകരാർ!" എന്നുാണ് ഒരാൾ എക്സിൽ കുറിച്ചത്. സാക്ഷരതാ പരിപാടികളിലും അധ്യാപക പരിശീലനത്തിലും സംസ്ഥാനം വൻതോതിൽ നിക്ഷേപം നടത്തുമ്പോൾ, ഇതുപോലുള്ള വീഴ്ചകൾ പൊതുജനവിശ്വാസത്തെ ദുർബലപ്പെടുത്തുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്.








0 comments